Join News @ Iritty Whats App Group

ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസ്: മലയാളി യൂട്യൂബർ മനാഫും സംഘവും ഓഫീസിൽ, ചോദ്യം ചെയ്യുന്നു

ബെം​ഗളൂരു:ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് മലയാളി യൂട്യൂബർ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. ബെൽത്താങ്കടിയിലെ എസ്ഐടി ഓഫീസിൽ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മനാഫ് എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ മനാഫിനോട് എസ്ഐടി ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് മനാഫ് എത്തിയത്. ടി അഭിഷേക്, ഗിരീഷ് മട്ടന്നവർ എന്നിവരെയും എസ്ഐടി ചോദ്യം ചെയ്യുകയാണ്. ധർമ്മസ്ഥലയിൽ നേരിട്ട് എത്തിയിട്ടുള്ള മനാഫ് ആരോപണമുന്നയിച്ച പലരെയും നേരിൽ കണ്ടതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ മനാഫിൽ നിന്നും തേടും.

നേരത്തെ, മനാഫിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും മനാഫ് ഇളവ് ആവശ്യപ്പെടുകയായിരുന്നു. ഓണവും നബിദിനവും കണക്കിലെടുത്ത് ഇളവ് വേണമെന്ന മനാഫിന്റെ ആവശ്യം എസ്ഐടി അംഗീകരിച്ചിരുന്നു. തിങ്കളാഴ്ച എസ്ഐടിക്ക് മുന്നിൽ ഹാജരാകാമെന്നാണ് മനാഫ് അറിയിച്ചിരുന്നത്. എന്നാൽ പൊലീസ് സംരക്ഷണയോടെ മാത്രമേ എസ്ഐടിക്ക് മുന്നില്‍ ഹാജരാകൂവെന്ന് മനാഫ് അറിയിച്ചിരുന്നു. ജീവന് ഭീഷണി ഉണ്ടെന്നും അതിനാലാണ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടതെന്നും മനാഫ് വ്യക്തമാക്കി. ധര്‍മ്മസ്ഥല കേസ് സത്യസന്ധമായതാണെന്നും പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആർക്കും നീതി ലഭിച്ചില്ല. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് എസ്ഐടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോൾ പ്രശ്നമായതെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സ്ത്രീകളുടെ ഉൾപ്പെടെ നൂറിലേറെ മൃതദേഹം ധർമ്മസ്ഥലയിൽ കുഴിച്ചിട്ടെന്ന സാക്ഷി ചിന്നയയുടെ വെളിപ്പെടുത്തലിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ മലയാളിയായ മനാഫ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരുന്നു. വ്യാജ വെളിപ്പെടുത്തൽ കേസിൽ സംശയനിഴലിലുള്ള യൂട്യൂബർ ജയന്തിന്റെ സഹായത്തോടെയായിരുന്നു ഇത്. അറസ്റ്റിലായ ചിന്നയ്യയിൽ നിന്നും, മകളെ കാണാനില്ലെന്ന അവകാശവാദവുമായി എത്തിയ സുജാതാ ഭട്ടിൽ നിന്നും കേസിലെ ഇവരുടെ ഇടപെടലുകളെ കുറിച്ച് സൂചന ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണസംഘം യൂട്യൂബർമാരെ കേന്ദ്രീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി മനാഫിന് നോട്ടീസ് നൽകിയത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് സ്വദേശി അർജുൻ ഓടിച്ച ലോറിയുടെ ഡ്രൈവറാണ് മനാഫ്

Post a Comment

Previous Post Next Post
Join Our Whats App Group