കണ്ണൂർ: അങ്കണവാടികളില്‍ കുട്ടികളുടെ ഭക്ഷണമെനു പരിഷ്‌ക്കരിച്ചെങ്കിലും ആവശ്യമായ സാധനങ്ങള്‍ ലഭിക്കാത്തത് വെല്ലുവിളിയാകുന്നു.
ഇതുകാരണം നിലവിലെ മെനു പ്രകാരം കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാൻ കഴിയാത്ത സാഹചര്യത്തിലാണ് മിക്ക അംഗണവാടികളും. ഫണ്ട് പാസാക്കുന്നതിലുള്ള കാലതാമസമാണ് പ്രതിസന്ധിക്കിടയാക്കുന്നത്.
ലഡു, മുട്ട ബിരിയാണി, പുലാവ് ഉള്‍പ്പെടെ കൂടുതല്‍ പോഷകങ്ങളോടു കൂടിയ ഭക്ഷണം മൂന്നുനേരം ആഴ്ചയില്‍ ആറു ദിവസം നല്‍കാനായിരുന്നു തീരുമാനം. കഴിഞ്ഞ ആഴ്ച മുതലാണ് ഇതുപ്രകാരം ഭക്ഷണം നല്‍കി തുടങ്ങിയത്. എന്നാല്‍ ചിലയിടങ്ങളില്‍ മെനു പ്രകാരമുള്ള സാധനങ്ങള്‍ എത്തി തുടങ്ങിയിട്ടില്ല.അരിയും പയറും മറ്റ് സാധനങ്ങളും മാവേലി സ്റ്റോറില്‍ നിന്നാണ് എത്തിക്കുന്നത്. സാധനങ്ങള്‍ തീരുന്നതനുസരിച്ച് അങ്കണവാടി അദ്ധ്യാപകർ അതാത് പഞ്ചായത്ത് സൂപ്പർവൈസറോടാണ് സ്റ്റോക്ക് എത്തിച്ച് നല്‍കാൻ ആവശ്യപ്പെടേണ്ടത് .
പാല്‍ സൊസൈറ്റിയില്‍ നിന്നാണ് എത്തിക്കുന്നത്. എന്നാല്‍ പച്ചക്കറി സാധനങ്ങള്‍ അങ്കണവാടി ജീവനക്കാർ തന്നെ പണം കൊടുത്ത് വാങ്ങണം. ഇതിനാവശ്യമായ ഫണ്ട് പഞ്ചായത്ത് സൂപ്പർവൈസർമാർ പിന്നീട് അനുവദിച്ച് നല്‍കുകയാണ് ചെയ്യുന്നത്. അങ്കണവാടി തോട്ടത്തിലെ പച്ചക്കറികളും രക്ഷിതാക്കള്‍ നല്‍കുന്ന പച്ചക്കറികളും ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ നിർദേശം.എന്നാല്‍ ജില്ലയിലെ മിക്ക അങ്കണവാടികളിലും വലിയ രീതിയിലുള്ള പച്ചക്കറി തോട്ടമില്ല.അത്യാവശ്യത്തിന് പച്ചമുളകും തക്കാളിയും മാത്രമാണ് പലയിടത്തും ഉള്ളത്.
എല്ലാം ജീവനക്കാരുടെ മേല്‍
പച്ചക്കറിക്ക് പുറമേ പായസമുണ്ടാക്കാനുള്ള ശർക്കരയും ജീവനക്കാർ തന്നെ വാങ്ങണം. വെളിച്ചെണ്ണയ്ക്ക് പകരം നെയ് ഉപയോഗിക്കാനാണ് നിർദേശം. അതും ജീവനക്കാർ വാങ്ങണം. ഇതിന് പുറമേ വാട്ടർ ബില്‍, വൈദ്യുതി ചാർജ്, ഗ്യാസിന്റെ പണം എന്നിവയെല്ലാം അങ്കണവാടി ജീവനക്കാർ നല്‍കണം. ഈ തുക പിന്നീട് പഞ്ചായത്ത് പാസാക്കി നല്‍കുമെങ്കിലും രണ്ടും മൂന്നും മാസം വൈകും. ശമ്ബളത്തില്‍ നിന്നാണ് ജീവനക്കാർ ഇത്രയും ചെലവഴിക്കുന്നത്.
മെനു ഇങ്ങനെ
തിങ്കള്‍:പാല്‍, പിടി, കൊഴുക്കട്ട അല്ലെങ്കില്‍ ഇലയട, ചോറ്, ചെറുപയർ കറി, ഇലക്കറി തോരൻ, ഗോതമ്ബ് അല്ലെങ്കില്‍ അരി, ചെറുപയർ പരിപ്പ് പായസം
ചൊവ്വ: അരി, കടല, റാഗി, ശർക്കര, എള്ള് എന്നിവ കൊണ്ടുള്ള ന്യൂട്രിലഡു. മുട്ട ബിരിയാണി അല്ലെങ്കില്‍ പുലാവ്. റാഗി, അരിപ്പൊടി, ശർക്കര, ചെറുപഴം എന്നിവ ചേർത്തുണ്ടാക്കിയ അട.
ബുധൻ: പാല്‍, പിടി, കൊഴുക്കട്ട അല്ലെങ്കില്‍ ഇലയട, കടല മിഠായി, പയറുകഞ്ഞി, പച്ചക്കറികിഴങ്ങ് കൂട്ടുകറി അല്ലെങ്കില്‍ കടല ഡ്രൈഫ്രൈ, ഇഡ്ഡലി, സാമ്ബാർ അല്ലെങ്കില്‍ പുട്ട്, ഗ്രീൻപീസ് കറി.
വ്യാഴം: റാഗി അരി അട അല്ലെങ്കില്‍ ഇലയപ്പം, ചോറ്, മുളപ്പിച്ച ചെറുപയർ, ചീരത്തോരൻ, സാമ്ബാർ, ഓംലറ്റ്, അവല്‍, ശർക്കര, പഴം മിക്സ്.
വെള്ളി: പാല്‍, കൊഴുക്കട്ട, ചോറ്, ചെറുപയർ കറി അല്ലെങ്കില്‍ അവിയല്‍, ഇലക്കറിത്തോരൻ, നുറുക്ക് ഗോതമ്ബ് പുലാവ്, ന്യൂട്രിലഡു, വെജിറ്റബിള്‍ പുലാവ്, മുട്ട, തേങ്ങാപ്പാല്‍ പായസം
Post a Comment