ഇരിട്ടി: കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് ഓണം അവധിക്ക് ശേഷം ആറളം ഫാമിലേക്ക് മാറ്റാനിരുന്ന തിരുനെല്ലി മോഡൽ റസിഡൻഷ്യൽ സ്‌കൂൾ ( ആശ്രമം ഹൈസ്‌കൂൾ) അടുത്ത മാസം പകുതിയോടെ ആറളം ഫാമിലേക്ക് മാറ്റും. മറ്റു നടപടികളെല്ലാം പൂർത്തിയാക്കിയിരുന്നെങ്കിലും വൈദ്യുതി കണക്ഷന് പണം ലഭിക്കാഞ്ഞതിനെത്തുടർന്നാണ് എം ആർ എസ് ആറളത്തേക്ക് മാറ്റുന്നതിന് തടസ്സമുണ്ടായിരുന്നത്. പട്ടിക വർഗ വികസന വകുപ്പാണ് പുതിയ ട്രാസ്‌ഫോമർ ഉൾപ്പെടെ സ്ഥാപിക്കുന്നതിന് 21 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്.
തിരുനെല്ലിയിൽ പ്രവർത്തിച്ചു വരുന്ന സ്‌കൂൾ കെട്ടിടം അപകട ഭീഷണിയിലായതിനെ തുടർന്നാണ് ആറളത്തേക്ക് മാറ്റാൻ സർക്കാർ ഉത്തരവിട്ടത്. ആറളം ഫാമിൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിന് വേണ്ടി കോടികൾ മുടക്കി നിർമ്മിച്ച കെട്ടിടവും അനുബന്ധസൗകര്യങ്ങളും കാട് കയറി നശിക്കുകയായിരുന്നു. സ്‌കൂൾ മാറ്റത്തിനായി ഉത്തരവിറങ്ങിയതോടെ ആറളത്ത് കാടുകൾ വെട്ടിതെളിയിച്ചും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി. ഓണം അവധിക്ക് ശേഷം ആറളത്ത് പ്രവർത്തനം തുടങ്ങാനായിരുന്നു പദ്ധതിയിട്ടത്. എന്നാൽ വൈദ്യുതി കണക്ഷന് കെഎസ്ഇബിയിൽ അടക്കാനുള്ള പണം അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടത് തടസ്സമായി നിന്നു. ഇപ്പോൾ പണം അനുവദിച്ചുക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതോടെയാണ് വൈദ്യുതി കണക്ഷൻ എത്രയും പെട്ടെന്ന് ലഭിക്കാനുള്ള നടപടി ആരംഭിച്ചത്. 40 വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിലാണ് തിരുനെല്ലിയിലെ ആശ്രമം സ്‌കൂളിന്റെ ഹോസ്റ്റലും മറ്റ് കെട്ടിടങ്ങളും പ്രവർത്തിക്കുന്നത്. കെട്ടിടം തകർച്ചാ ഭീഷണിയിലാണ്. പൊതുമരാമത്ത് വകുപ്പ് കെട്ടിട നിർമ്മാണ വിഭാഗം കെട്ടിടം അപകടഭീഷണിയിലാണെന്നും ഉടൻ അടച്ചുപൂട്ടണമെന്നും കാണിച്ച് നോട്ടീസ് നൽകിയിരുന്നു.
ആറളം പുനരധിവാസ മേഖലയിലെ ഏഴാം ബ്‌ളോക്കിലാണ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിനായി മെഡിക്കൽ കോളേജുകളെപ്പോലും വെല്ലുന്ന തരത്തിലുള്ള ബഹുനിലക്കെട്ടിടങ്ങൾ ഒരുക്കിയത്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ കൺസ്ട്രക്ഷൻ കോർപ്പറേഷൻ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 17,39,23,518 കോടി മുടക്കിയാണ് കെട്ടിടം നിർമ്മിച്ചത്. 2018 നവംബറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ 2021 സെപ്തംബറിൽ പൂർത്തിയാക്കിയെങ്കിലും അഞ്ചു വർഷത്തോളമായി അടഞ്ഞു കിടക്കുകയായിരുന്നു. ഇതിനിടയിൽ ആറളത്ത് എംആർഎസ് വേണ്ടെന്ന നിലപാടും ഉണ്ടായി. ഇതോടെ ആറളത്തെ കെട്ടിടം എങ്ങനെ ഉപയോഗപ്പെടുത്തും എന്നതിൽ വർഷങ്ങളോളം ആശയക്കുഴപ്പം നിലനിൽക്കുകയും ചെയ്തു.
93,967 സ്‌ക്വയർ ഫീറ്റിൽ നിർമ്മിച്ച കെട്ടിട സമുച്ചയത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 350 പേർക്ക് താമസിച്ചു പഠിക്കുവാനുള്ള സൗകര്യം ഉണ്ട്. കൂടാതെ ആധുനിക അടുക്കള, ഭക്ഷണശാല, ശുചിമുറി ബ്ലോക്കുകൾ, പഠനമുറി, ലബോറട്ടറി, കമ്പ്യൂട്ടർ മുറി, ലൈബ്രറി, കളിസ്ഥലം എന്നിവ ഒരുക്കിയിട്ടുണ്ട്. ആറളം എംആർഎസിനായി കെട്ടിപ്പൊക്കിയ സമുച്ചയത്തിലെ സൗകര്യങ്ങൾ തിരുനെല്ലിയിലെ സ്‌കൂൾ ഇവിടേക്ക് മാറ്റുന്നതോടെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായി മാറാൻ പോകുകയാണ്. തിരുനെല്ലിയിൽ 257 വിദ്യാർത്ഥികളും 49 അധ്യാപക , അനധ്യാപിക തസ്തികളുമാണ് ഇങ്ങോട്ടേക്ക് മാറുക.
Post a Comment