Join News @ Iritty Whats App Group

നിർമ്മാണം തുടങ്ങി ഒന്നര വർഷം പിന്നിട്ടിട്ടും വെറും പത്തര മീറ്റർ നീളത്തിൽ നിർമ്മിക്കേണ്ട പാലം പണി പൂർത്തിയായില്ല;ദുരിതം പേറി തൊട്ടുകടവ് നിവാസികൾ

ഇരിട്ടി: നിർമ്മാണം തുടങ്ങി ഒന്നര വർഷം പിന്നിട്ടിട്ടും വെറും പത്തര മീറ്റർ നീളത്തിൽ നിർമ്മിക്കേണ്ട പാലം പണി പൂർത്തിയായില്ല. ഇതുമൂലം അക്കരെയിക്കരെ കടക്കാനാവാതെ ദുരിതം പേറി തൊട്ടുകടവ് നിവാസികൾ. ഏറെ അപകടാവസ്ഥയിലായ പാലം കഴിഞ്ഞ വർഷം മാർച്ചിൽ പൊളിക്കുകയും ഏപ്രിലിൽ നിർമ്മാണ പ്രവർത്തി ആരംഭിക്കുകയും ചെയ്തു. ഒച്ചിന്റെ വേഗതയിൽ ഇഴഞ്ഞു നീങ്ങിയ പാലം പണി ഇപ്പോൾ നടുഭാഗം വാർപ്പ് കഴിഞ്ഞ നിലയിൽ നിൽക്കുകയാണ്. ഇപ്പോഴത്തെ നിലയിൽ നിർമ്മാണപ്രവർത്തി നടന്നാൽ ഇരുഭാഗത്തെയും പാലവുമായി ബന്ധിപ്പിക്കേണ്ട അപ്രോച്ച് റോഡിന്റെ പ്രവർത്തി ഒരു വർഷമെങ്കിലും എടുക്കും എന്നാണ് നാട്ടുകാർ പറയുന്നത്. ഇപ്പോൾ രണ്ടോ മൂന്നോ തൊഴിലാളികളെ വെച്ച് നിർമ്മാണ പ്രവർത്തി ഉരുട്ടിക്കൊണ്ടു പോവുകയാണ് കരാറുകാരൻ ചെയ്യുന്നത്.  

ഏറെ അപകടാവസ്ഥയിലായിരുന്ന പാലം ജില്ലാ പഞ്ചായത്തിന്റെ 1.25 കോടി രൂപ ചിലവിൽ ആണ് നിർമ്മിക്കുന്നത്. പത്ത് മാസംകൊണ്ട് പാലം പണി പൂർത്തിയാകുമെന്നാണ് പറഞ്ഞിരുന്നത്. ബദൽ സംവിധാനം ഇല്ലാതായതോടെ തോട്ടുകടവ്, പൂതക്കുണ്ട്, ഏച്ചില്ലം, പായം, കോണ്ടമ്പ്ര ഗ്രാമങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് യാത്രദുരിതം പേറുന്നത്.
    

നാട്ടുകാരുടെ മുറവിളികൾക്കൊടുവിലാണ് തോട്ടുകടവിൽ പുതിയ പാലത്തിന് അനുമതി കിട്ടിയത്. പുതിയ പാലം പ്രതീക്ഷിച്ചവർക്ക് ഇപ്പോൾ തീരാത ദുരിതമാണ് കിട്ടിയിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുൻമ്പ് നിർമ്മാണം ഉദ്ഘാടനം ചെയ്യുകയും മഴയെത്താൻ മാസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിലവിലെ പഴ പാലം പൊളിച്ചു നീക്കുകയും ചെയ്തു. ഉടനെ മഴക്കാലം ആരംഭിക്കുമെന്ന് അറിയാമായിരുന്നിട്ടും ബദൽ സംവിധാനങ്ങൾ ഒന്നും ഉണ്ടാക്കാതെയാണ് പഴയ പാലം പൊളിച്ചു നീക്കിയത്. ഇതോടെ വാഹന ഗതാഗതം തോട്ടുകടവ് ,കൂട്ടക്കളം വഴി തിരിച്ചു വിട്ടു. പൂതക്കുണ്ട്, ആറളം ഭാഗങ്ങളിലുള്ളവർക്ക് മൂന്ന് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വന്നെങ്കിലും പുതിയ പാലമെന്ന പ്രതീക്ഷയിൽ അല്പകാലത്തേക്ക് ദുരിതം സഹിക്കാൻ നാട്ടുകാരും തയ്യാറായി. തിരഞ്ഞെടുപ്പു കാലത്തെ നിർമ്മാണം പിന്നീട് മന്ദഗതിയിലായി. മൂന്ന് മാസം കൊണ്ട് പാലത്തിന്റെ തൂണുകളുടെ രണ്ട് പൈലിംങ്ങ് മാത്രമാണ് പൂർത്തിയായത്. പിന്നീട് കുറെക്കാലം നിർമ്മാണം പൂർണ്ണമായും സ്തംഭിച്ചു. ഇതിനിടയിൽ കരാറുകാരൻ നിർമ്മാണ സാമഗ്രികൾ കടത്തിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം നാട്ടുകാർ തടഞ്ഞു. മാസങ്ങൾക്ക് ശേഷം വീണ്ടും പുനരാരംഭിച്ചാണ് ഇന്നത്തെ നിലയിൽ എത്തിച്ചത്. നിർമ്മാണത്തെ ബാധിക്കുന്ന വിധത്തിലുള്ള വെള്ളമോ ഒഴുക്കോ തോട്ടിലില്ല. കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ, സ്‌കൂൾ ബസുകൾ ഉൾപ്പെടെ നിത്യവും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന റോഡിലെ പാലം പൊളിച്ചു മാറ്റുമ്പോൾ ഉണ്ടാകാനിടയുളള പ്രയാസം പോലും അധികൃതർ കണക്കിലെടുക്കുന്നേയില്ല. 
 
എളുപ്പം പണി പൂർത്തിയാകുമെന്ന് കരുതി നാട്ടുകാർ കാല്നടയായി അക്കരെ ഇക്കരെ കടക്കാനായി നിർമ്മിച്ച താല്ക്കാലിക പാലവും ഏത് നിമിഷവും നിലം പൊത്താവുന്ന നിലയിലാണ്. പാലത്തിന്റെ ഇരു ഭാഗങ്ങളിലെയും സൈഡ് ഭിത്തിയുടെ നിർമ്മാണം ഉടനെ പൂർത്തിയാക്കി കാൽ നടയാത്രയ്ക്കുള്ള സൗകര്യമെങ്കിലും ഒരുക്കത്തിരണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group