ഇരിട്ടി: അഴിമതികൾ ഏതെല്ലാം വഴിക്ക് കടന്നു വരുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് തലശേരി- വളവുപാറ അന്തർ സംസ്ഥാന പാതയിൽ സ്ഥാപിച്ച സോളാർ വഴി വിളക്കുകൾ. കോടികളുടെ അഴിമതിയാണ് ഈ പദ്ധതിയിൽ മാത്രം നടന്നിരിക്കുന്നത് എന്ന് ഈ റോഡിന്റെ വഴിയരികിൽ ഏതുനേരത്തും ആരുടേയും തലയിൽ പതിക്കാമെന്ന നിലയിൽ നിൽക്കുന്ന ഇവയുടെ നിൽപ്പ് വിളിച്ചോതുന്നു. തലശ്ശേരി - വളവുപാറ കെ എസ് ടി പി റോഡ് നവീകരണ പദ്ധതിയിൽപ്പെടുത്തി സ്ഥാപിച്ച വിളക്കുകളിൽ ഒന്ന് പോലും ഇന്ന് പ്രകാശിക്കുന്നില്ല. അവയിൽ ഇത് സ്ഥാപിച്ച ദിവസം മുതൽ ഒരു ദിവസം പോലും പ്രകാശിക്കാത്തവയും ഉണ്ടെന്നു പറഞ്ഞാൽ അതും അതിശയോക്തിയല്ല. നിർമ്മാണത്തിലെ അപാകതയും ഗുണമേന്മ കുറഞ്ഞ സാധനങ്ങളും ഉപയോഗിച്ചാണ് ഇവയെല്ലാം സ്ഥാപിച്ചതെന്ന ആരോപണം ശരിവെക്കുന്ന രീതിയിലാണ് ലൈറ്റുകളുടെ ഇപ്പോഴത്തെ അവസ്ഥ.
2013 ൽ 2 റീച്ചുകളിലായിയി ആരംഭിച്ച റോഡ് പുനർനിർമ്മാണ പ്രവർത്തി 2022 ഓടെയാണ് ഏതാണ്ട് പൂർത്തിയയായത്. ഈ സമയത്താണ് അവസാനഘട്ട പ്രവർത്തി എന്ന നിലയിൽ സോളാർ വിളക്കുകളും സ്ഥാപിച്ചത്. തലശ്ശേരി മുതൽ വളവുപാറ വരെയുള്ള 53 കിലോമീറ്ററിൽ 947 സോളാർ വിളക്കുകളാണ് സ്ഥാപിച്ചത്. ഒരു വിളക്കിനു 95000 എന്ന നിലയിൽ ഇതിനായി ഒമ്പത് കോടി രൂപയാണ് ചെലവഴിച്ചത്. സ്ഥാപിച്ച് ഒരു മാസം കഴിയും മുൻപേ നിരവധി വിളക്കുകൾ കണ്ണടച്ച്. ഒരു വർഷം പോലും തികയുന്നതിന് മുൻപേ മുഴുവൻ വിളക്കുകളും മിഴിപൂട്ടി. നിരവധി വിളക്കുകൾ വാഹനമിടിച്ചും മറ്റും തകർന്നു. ഇരിട്ടി നഗരം അന്ധകാരമയമായതിനെത്തുടർന്നു പല ഭാഗത്തുനിന്നും മുറവിളി ഉയർന്നതോടെ ഇരിട്ടി നഗരസഭ സ്വകാര്യ സംരഭകനുമായി കൈകോർത്തു നഗരത്തിലെ മുഴുവൻ വിളക്കുകളും മാറ്റി പുതിയവ സ്ഥാപിച്ചു. എന്നാൽ നഗരത്തിന് പുറത്തുള്ള റോഡരികുകളിൽ അപകട ഭീഷണി ഉയർത്തിക്കൊണ്ട് നിൽക്കുകയാണ് തുരുമ്പെടുത്തു നശിച്ച വിളക്ക് കാലുകളും ഇതിൽ ഒന്നരയാൾ പൊക്കത്തിൽ സ്ഥാപിച്ച ബാറ്ററിയും. ലൈറ്റ് സ്ഥാപിച്ചതിൽ വൻ അഴിമതി നടന്നതായി പലകോണിൽ നിന്നും ആരോപണം ഉയർന്നെങ്കിലും ഒരന്വേഷണം പോലും ഇതുവരെയും ഉണ്ടായിട്ടില്ല.
അപകട ഭീഷണി തീർത്ത് തൂണിൽ തൂങ്ങി ബാറ്ററികൾ
കാൽനടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും വലിയ ഭീഷണി തീർക്കുകയാണ് സോളാർ വഴിവിളക്കിന്റെ തൂണിൽ സ്ഥാപിച്ച ബാറ്ററികൾ. വിളക്ക് തൂണിൽ സ്ഥാപിച്ച ബാറ്ററിപ്പെട്ടികളും ഇതിനെ താങ്ങി നിർത്തുന്ന ഇരുമ്പു കമ്പികളും മുഴുവൻ തുരുമ്പെടുത്ത് നശിച്ചു. ഇത്തരം പെട്ടികളും ബാറ്ററികളും നിരവധിയിടങ്ങളിൽ നിലം പതിച്ചു കഴിഞ്ഞു. ഇരുപതിനായിരത്തോളം രൂപ വില വരുന്ന ഇത്തരം ബാറ്ററികൾ വീണ ഉടൻ അപ്രത്യക്ഷമാവുകയാണ്. കൂടാതെ ബാറ്ററി മേഷണവും വ്യാപകമായി നടക്കുന്നു. ഇരിട്ടി പോലീസ് സ്‌റ്റേഷന് മുന്നിലെ നടപ്പാതയിൽ നിരവധി ആളുകൾ നില്ക്കുകയും ബൈക്കുകൾ അടക്കമുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുകയും ചെയ്യുന്ന സ്ഥലത്ത് സ്ഥാപിച്ച സോളാർ വിളക്കിന്റെ ബാറ്ററി ഏത് സമയത്തും താഴെ വീഴാവുന്ന നിലയിലായിട്ട് കാലം കുറച്ചായി. ആരുടെ തലയാണ് വാഹനമാണ് ഇതിനിരയാവുക എന്ന് പറയാനാവില്ല.
ഇത്തരം അപകടഭീഷണിയിലായ വഴിവിളക്കുകൾ റോഡിൽ നിന്നും എത്രയും പെട്ടെന്ന് മാറ്റിത്തരണമെന്നാണ് ജനങ്ങളും ആവശ്യപ്പെടുന്നത്. ഇവ സ്ഥാപിച്ചപ്പോൾ തന്നെ കത്താതായതോടെ പലരും ഇവ സ്ഥാപിക്കുന്നവരോട് പരാതി പറയുകയും കത്താത്തവ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാൽ അടുത്ത ദിവസം തന്നെ ഇവയെല്ലാം പരിശോധിച്ച് ശരിയാക്കുമെന്ന് ഉറപ്പു നൽകിയവർ പിന്നീട ഇങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. ലക്ഷങ്ങളുടെ കൊള്ളയടിയാണ് ഇതിൽ നടന്നിരിക്കുന്നത് എന്നും ഇതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്. റോഡിന്റെ നവീകരണം പൂർത്തിയാക്കി പൊതുമാരാമത്ത് വകുപ്പിന് കൈമാറിയിട്ട് രണ്ട് വർഷം കഴിഞ്ഞു. ലൈറ്റുകളുടെ പരിപാലന ചുമതല അതാത് മേഖലയിലെ ഗ്രാമപഞ്ചായത്തുകളെ ഏൽപ്പിക്കാനുള്ള നീക്കം നടന്നെങ്കിലും ആരും ഇത് ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല. കോടികൾ മുടക്കിയിട്ടും തെരുവോരങ്ങളെ കൂരിരുട്ടിലാക്കിയ ഈ പദ്ധതിയുടെ അഴിമതികൾ പുറത്തു കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
Post a Comment