കോഴിക്കോട്: കോഴിക്കോട് ലഹരിമരുന്ന് ഉപയോഗത്തിനിടെ മരിച്ച യുവാവിന്റെ മൃതദേഹം സുഹൃത്തുക്കള്‍ ചതുപ്പില്‍ ചവിട്ടിത്താഴ്ത്തിയ കേസില്‍ കഴിഞ്ഞ ദിവസം പിടിയിലായ രണ്ടാം പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. രണ്ടാം പ്രതി കുറ്റിക്കാട്ടൂര്‍ സ്വദേശി രഞ്ജിത്തിനെയാണ് വിവിധ സ്ഥലങ്ങളിലെത്തിച്ചത്.
കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശില്‍ നിന്നും പൊലീസ് പിടികൂടിയ രണ്ടാം പ്രതി കുറ്റിക്കാട്ടൂര്‍ സ്വദേശി രഞ്ജിത്തിനെ രണ്ട് ദിവത്തെ കസ്റ്റഡിയിലാണ് എലത്തൂര്‍ പൊലീസിന് ലഭിച്ചിരിക്കുന്നത്. യുവാവിന്റെ അസ്ഥികള്‍ ലഭിച്ച സ്ഥലത്താണ് ഇയാളുമായി ആദ്യം തെളിവെടുപ്പ് നടത്തിയത്. 2019 മാര്‍ച്ച് 24 ന് അമിത ലഹരി ഉപയോഗത്തിനിടെ വെസ്റ്റ് ഹില്‍ സ്വദേശിയായ വിജില്‍ മരിച്ചെന്നും തുടര്‍ന്ന് ഇവിടെയുള്ള ചതുപ്പില്‍ താഴ്ത്തിയെന്നുമായിരുന്നു ആദ്യം പിടിയിലായ പ്രതികളായ നിഖില്‍, ദീപേഷ് എന്നിവരുടെ വെളിപ്പെടുത്തല്‍.
അന്ന് നടന്ന സംഭവങ്ങള്‍ വിശദമായി രഞ്ജിത്തില്‍ നിന്നും പൊലീസ് ചോദിച്ചറിഞ്ഞു. അസ്ഥികള്‍ ഒഴുക്കിയെന്ന് പ്രതികള്‍ പറയുന്ന വരയ്ക്കല്‍ ബീച്ചിലും തെളിവെടുപ്പ് നടന്നു. മറ്റ് രണ്ട് പ്രതികളെയും രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. മൂന്നു പേരെയും ഇനി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ലഹരിമരുന്ന് കുത്തിവെച്ചതിനെത്തുടര്‍ന്നാണ് മരണമെന്നാണ് മൂന്നു പേരുടേയും മൊഴിയെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അസ്ഥികള്‍ ലഭിച്ചെങ്കിലും തലയോട്ടി ഇതുവരെ കിട്ടിയിട്ടില്ല. മരണസമയത്ത് വിജിലിന് പരുക്കുകള്‍ ഏറ്റിരുന്നില്ലെന്നായിരുന്നു പ്രാഥമിക പോസ്റ്റുമോര്‍ട്ടത്തിലെ സൂചന. ഇക്കാര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ഫലങ്ങളും വരണം.
അസ്ഥികളുടെ വിജിലിന്റേതാണെന്ന് തെളിയിക്കാനുള്ള ഡിഎന്‍എ പരിശോധന ഫലം അടുത്ത ദിവസം ലഭിക്കുമെന്നാണ് പ്രതീക്ഷ. ഏഴു ദിവസത്തെ തെരച്ചിലിനൊടുവിലായിരുന്നു അസ്ഥിഭാഗങ്ങള്‍ കണ്ടെത്തിയത്. വിജിലിന്റേതെന്ന് കരുതുന്ന ഷൂ ആണ് ആദ്യം കണ്ടെത്തിയത്. കെട്ടിത്താഴ്ത്താന്‍ ഉപയോഗിച്ചെന്ന് കരുതുന്ന കയറും ചെങ്കല്ലും പിന്നീട് ലഭിച്ചിരുന്നു. ഇതെല്ലാം ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
Post a Comment