Join News @ Iritty Whats App Group

‘ശബരിമല വികസനത്തിന് 18 അംഗ സമിതി’; ആഗോള അയ്യപ്പ സംഗമത്തിന് സമാപനം

ആഗോള അയ്യപ്പ സംഗമത്തിന് സമാപനം. ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ചാണ് ആഗോള അയ്യപ്പ സംഗമത്തിന് സമാപനമായത്. ദേവസ്വം ബോർഡ് പ്രസിഡണ്ടിൻ്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന 18 അംഗ സമിതി അയ്യപ്പ സംഗമത്തിലുരുത്തിരിഞ്ഞ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ദേവസ്വം മന്ത്രി അറിയിച്ചു. അതേസമയം അടുത്തമാസം രാഷ്ട്രപതി ശബരിമല സന്ദർശിക്കുമെന്നും മന്ത്രി അറിയിച്ചു.

പെട്ടെന്ന് ഉണ്ടായ ആശയമല്ലെന്നും വർഷങ്ങൾ നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് അയ്യപ്പസംഗമം നടത്താൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മാറുന്ന കാലത്തിനനുസരിച്ച് ഉയർന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈതപ്രത്തിൻ്റെ അയ്യപ്പശ്ലോകത്തോടെയാണ് ആഗോള അയ്യപ്പ സമ്മേളനത്തിന് തുടക്കമായത്. ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ആശംസാ സന്ദേശം ദേവസ്വം മന്ത്രി വിഎൻ വാസവൻ അഭിമാനപൂർവം വേദിയിൽ വായിക്കുകയായിരുന്നു. ശബരിമല വികസനത്തിലൂന്നി ഉദ്ഘാടന പ്രസംഗം നടത്തിയ മുഖ്യമന്ത്രി ഭക്തി ഒരു പരിവേഷമായി അണിയുന്നവർ അയ്യപ്പ സംഗമം തടയാൻ ശ്രമിച്ചെന്ന വിമർശനവും ഉയർത്തി. പിണറായി വിജയൻ നല്ല ഭക്തനാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group