ദേശീയ രാഷ്ട്രീയത്തെ പിടിച്ചുലച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ട് അട്ടിമറി ആരോപണം. രാഹുൽ ഗാന്ധി ഇന്നലെ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ച ക്രമക്കേടുകൾ തൃശൂരിലും നടന്നിട്ടുണ്ടെന്ന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ആയിരുന്ന വി എസ് സുനിൽകുമാർ ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ തൃശൂരിനെ സംബന്ധിച്ച് വളരെ പ്രധാനപെട്ടതാണെന്ന് വി എസ് സുനിൽകുമാർ ട്വന്റി ഫോറിനോട് പറഞ്ഞു. വോട്ടർ പട്ടികയിൽ പുതുതായി ചേർത്ത വോട്ടർമാരുടെ പേരിലായിരുന്നു ക്രമക്കേട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് ക്രമക്കേട് നടന്നത്. ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ടുകൾ വ്യാപകമായി ചേർത്തു. ഫ്ലാറ്റുകളിലെ സെക്യൂരിറ്റിമാരെ വശപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്. പൂങ്കുന്നത്തെ ബൂത്തിൽ പുതിയ വോട്ടുകൾ വർദ്ധിച്ചത്തിൽ ദുരൂഹത ഉണ്ടെന്നും സമീപ പഞ്ചായത്തുകളിൽ നിന്നും ജില്ലകളിൽ നിന്നുമുള്ള വോട്ടുകൾ ആണ് ചേർത്തതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങളുടെ വോട്ടും ചട്ടപ്രകാരമല്ല ചേർത്തത്.സുരേഷ് ഗോപിയോ, അദ്ദേഹത്തിൻറെ ഭാര്യയോ മക്കളോ സഹോദരനോ തൃശൂരിൽ സ്ഥിര താമസക്കാരല്ല. സ്ഥാനാർഥിയായിരുന്നിട്ടും സ്ഥിര താമസക്കാരൻ അല്ലാത്തതിനാൽ കെമുരളീധരൻ തന്റെ വോട്ട് ഇങ്ങോട്ടേക്ക് മാറ്റിയില്ല. അദ്ദേഹം തിരുവനന്തപുരത്ത് പോയാണ് വോട്ട് രേഖപ്പടുത്തിയത്. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് എല്ലാവർക്കും അറിയാമെന്നും വി എസ് സുനിൽകുമാർ ആരോപിച്ചു. തിരഞ്ഞെടുപ്പ് ക്രമക്കേട് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സുനിൽകുമാർ നൽകിയ പരാതി ട്വന്റി ഫോറിലൂടെ പുറത്തുവിട്ടു.
തൃശൂർ ജില്ലാ കളക്ടർ ബിജെപിക്ക് വേണ്ടി പ്രവർത്തിച്ചു.അന്ന് അദ്ദേഹം നല്ല മാന്യൻ ആണെന്നാണ് തോന്നിയത്. എന്നാൽ ഇപ്പോൾ അങ്ങിനെ തോന്നുന്നില്ല. ഇലക്ഷൻ കഴിഞ്ഞ് വോട്ടെണ്ണി വിജയിച്ച ഉടൻ തന്നെ അദ്ദേഹം ബിജെപിയുടെ അലയൻസ് സർക്കാരിൽ ഉപമുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായി. ഇതൊക്കെ കൂട്ടി വായിക്കുമ്പോൾ പല കാര്യങ്ങളും മനസിലാകുമെന്നും വി ആർ കൃഷ്ണ തേജ മുന്നയെപ്പോലെ പ്രവർത്തിച്ചുവെന്നും വി എസ് സുനിൽകുമാർ ട്വന്റി ഫോറിനോട് പറഞ്ഞു.
Post a Comment