ഇരിട്ടി : ആറളം ഫാമില്‍ ആഗസ്റ്റ് നാലിന് കാട്ടുപന്നി മരണം റിപ്പോർട്ട് ചെയ്ത സംഭവത്തിലും ആഗസ്റ്റ് 12ന് ജില്ലയിലെ പടിയൂരിലെ ഒരു ഫാമില്‍ ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്തതിലും ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തമായി ആവശ്യമായ സുരക്ഷ, പ്രതിരോധ നടപടികള്‍ സ്വീകരിച്ചതായും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടർ അരുണ്‍ കെ വിജയൻ അറിയിച്ചു.
ആറളം ഫാമില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദർശിച്ച് പോസ്റ്റ്‌മോർട്ടം നടത്തി സാമ്ബിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കാട്ടുപന്നികളുടെ ശവശരീരം അഴുകിയ നിലയില്‍ ആയിരുന്നതിനാല്‍ മൈക്രോബയോളജി പരിശോധന സാധ്യമല്ല. ആയതിനാല്‍ പാസ്ച്ചുറെല്ല , ആഫ്രിക്കൻ പന്നിപ്പനി എന്നീ രോഗ നിർണയത്തിനായി സാമ്ബിളുകള്‍ തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമല്‍ ഡിസീസസിലേക്ക് (SIAD) ആഗസ്റ്റ് അഞ്ചിന് അയച്ചു കൊടുത്തിട്ടുണ്ട്. വനം വകുപ്പ് നിരീക്ഷണവും പരിശോധനയും ഊർജിതമാക്കി.
ആഗസ്റ്റ് 12ന് പടിയൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12, കുയിലൂരിലെ വി വി സുധാകരൻ എന്ന കർഷകൻ്റെ പന്നിഫാമിലെ പന്നികളിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച് ജില്ലാ മൃഗ സംരക്ഷണ ഓഫീസർ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച ഉച്ചക്ക് മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ അടിയന്തര യോഗം ചേർന്നു. രോഗം സ്ഥിരീകരിച്ച പടിയൂർ ഗ്രാമ പഞ്ചായത്ത് മേഖലയില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുവാൻ ദുരന്ത നിവാരണ നിയമ പ്രകാരം ജില്ലാ കളക്ടർ ഉത്തരവിട്ടു.
ഇതുപ്രകാരം പടിയൂർ ഗ്രാമ പഞ്ചായത്തില്‍ രോഗം സ്ഥിരീകരിച്ചതിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഈ പ്രദേശങ്ങളില്‍ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളില്‍ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു.
രോഗപ്രഭവ കേന്ദ്രമായ വി വി സുധാകരന്റെ ഫാമില്‍ തീറ്റ ഉണ്ടെങ്കില്‍ അവ സംസ്കരിച്ച് ഫാമില്‍ യഥാവിധി അണുനശീകരണം നടത്തുന്നതിന് മൃഗസംരക്ഷണ ഓഫീസർ ആവശ്യമായ നടപടി സ്വീകരിക്കും.പടിയൂർ ഗ്രാമ പഞ്ചായത്തിലെ പന്നി ഫാമുകളില്‍ നിന്നും മറ്റ് പന്നി ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങള്‍ക്കുള്ളില്‍ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ചു അടിയന്തിര റിപ്പോർട്ട് ജില്ലാ മൃഗസംരക്ഷണ ഓഫീസർ സമർപ്പിക്കണം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാല്‍ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും റീജിയണല്‍ ട്രാൻസ്പോർട്ട് ഓഫീസറുമായും ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തേണ്ടതാണ്. രോഗ വിമുക്ത മേഖലയില്‍ നിന്നുള്ള പന്നികളെമാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളു എന്ന് ഈ സംഘം ഉറപ്പ് വരുത്തേണ്ടതാണ്.
രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍ പോലീസ്, മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫീസർ, കെ എസ് ഇ ബി എക്സിക്യൂട്ടിവ് എൻജിനീയർ എന്നിവരുള്‍പ്പെട്ട ടീം രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടി ജില്ലാ മൃഗസംരക്ഷണ ഓഫീസർ, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി എന്നിവർ ചേർന്ന് സ്വീകരിക്കേണ്ടതാണ്.
പന്നികളെ ശാസ്ത്രീയമായി ഉന്മൂലനം ചെയ്ത് മറവ് ചെയ്യുന്നതിനാവശ്യമായ എല്ലാ സഹായവും ജില്ലാ ആരോഗ്യ വകുപ്പും കെ എസ് ഇ ബി അധികൃതരും നല്‍കേണ്ടതാണ്.
ജില്ലയിലെ മറ്റ് ഭാഗങ്ങളില്‍ പന്നിപ്പനി വൈറസ് കണ്ടെത്തുന്ന പക്ഷം ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അധികാരികള്‍ വില്ലേജ് ഓഫീസർമാർ, റൂറല്‍ ഡയറി ഡെവലപ്മെന്റ് ഉദ്യോഗസ്ഥർ എന്നിവർ ബന്ധപ്പെട്ട വെറ്റിനറി ഓഫീസറെ വിവരം അറിയിക്കണം. വെറ്ററിനറി ഓഫീസർ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികള്‍ സ്വീകരിക്കേണ്ടതാണ്. വെറ്ററിനറി ഓഫീസർക്ക് ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും വകുപ്പ് ഉദ്യോഗസ്ഥർ നല്‍കേണ്ടതാണ്.
ഉത്തരവുകള്‍ കർശനമായി പാലിക്കുന്നുണ്ടെന്ന് പടിയൂർ പഞ്ചായത്ത് സെക്രട്ടറി ഉറപ്പു വരുത്തേണ്ടതാണെന്നും അറിയിച്ചു.
ജില്ലയിലെ പയ്യാവൂർ, കൂടാളി, ഉളിക്കല്‍, ഇരിക്കൂർ, പായം, മലപ്പട്ടം, കൂടാളി, കീഴല്ലൂർ കുറ്റ്യാട്ടൂർ, മാലൂർ, ശിവപുരം, തില്ലങ്കേരി എന്നീ ഗ്രാമ പഞ്ചായത്തുകളെയും മട്ടന്നൂർ, ശ്രീകണ്ഠപുരം, ഇരിട്ടി മുൻസിപ്പാലിറ്റികളെയും നിരീക്ഷണ വലയത്തില്‍ ഉള്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ കർശന ജാഗ്രത പുലർത്തേണ്ടതാണ്.
ജില്ലയില്‍ പന്നികളുടെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടാല്‍ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും മൃഗ സംരക്ഷണ വകുപ്പിനെയും അറിയിച്ച് അവരുടെ നിർദ്ദേശാനുസരണം ജഡം മറവു ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ കളക്ടർ ഉത്തരവില്‍ വ്യക്തമാക്കി.
Post a Comment