മട്ടന്നൂരിന്റെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറകേകാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഉയരുന്നു
മട്ടന്നൂര്‍ കേന്ദ്രമായി സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിക്കുന്നതിന് സംസ്‌ഥാന സര്‍ക്കാരില്‍ നിന്നും 23 കോടി രൂപയുടെ ഡിപിആറിന് അംഗീകാരമായി. മട്ടന്നൂര്‍ നഗരസഭയില്‍ അയ്യല്ലൂര്‍ റോഡില്‍ കനാലിന് സമീപം ഇറിഗേഷന്‍ വകുപ്പില്‍ നിന്നും വിട്ടുകിട്ടിയ 3.90 ഏക്കര്‍ സ്‌ഥലത്താണ് കോംപ്ലക്‌സ് നിര്‍മിക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയവും പ്ലയേഴ്‌സ് റൂമും അനുബന്ധ സൗകര്യങ്ങളുമാണുള്ളത്. ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, ബാഡ്‌മിന്റണ്‍ കോര്‍ട്ടുകള്‍, ഫിറ്റ്‌നസ് സെന്റര്‍, 2600 പേര്‍ക്ക് ഇരിക്കാവുന്ന സ്‌റ്റേഡിയം എന്നിവയും ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കും. രണ്ടാംഘട്ടത്തില്‍ സ്വിമ്മിങ് പൂള്‍ ഉള്‍പ്പെടെയുള്ള അക്വാട്ടിക് കോംപ്ലക്‌സ് നിര്‍മിക്കും.
കായിക മേഖലയില്‍ തല്‍പരരായ നിരവധി പേര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ടെങ്കിലും ആധുനിക സൗകര്യങ്ങളോടുകൂടിയ പരിശീലന കേന്ദ്രങ്ങളോ കളിസ്‌ഥലങ്ങളോ പ്രദേശത്തില്ല. മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ കെ.കെ. ശൈലജ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തുന്ന തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കായിക മേഖലയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കാര്യക്ഷമമായി പരിശീലിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ കളിസ്‌ഥലങ്ങളും കോച്ചിങ് സെന്ററുകളും ആരംഭിക്കുന്നത്.
വിമാനത്താവളത്തിന്റെ സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ട് കായിക മേഖലയിലെ പ്രഗല്‍ഭരായ വ്യക്‌തികളെ ഉള്‍പ്പെടുത്തി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കാന്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കും. മട്ടന്നൂരില്‍ സ്‌പോര്‍ട് കോംപ്ലക്‌സിന് അനുമതിയായതോടെ കായിക മേഖലയുടെ സമഗ്ര കുതിപ്പിനാണ് നാട് തയ്യാറെടുക്കുന്നത്.
Post a Comment