പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ മണ്ഡലത്തിൽ വന്നാൽ സംരക്ഷണം നൽകുമോ എന്ന് ചോദ്യത്തോട് പ്രതികരണവുമായി ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ. ഇപ്പോൾ രാഹുൽ കോൺഗ്രസിന്റെ ഭാഗം അല്ലല്ലോ, തത്കാലം അതിനെകുറിച്ച് അഭിപ്രായം പറയുന്നില്ലെന്നായിരുന്നു ഡിസിസി പ്രസിഡന്റിൻ്റെ മറുപടി. രാഹുൽ മണ്ഡലത്തിൽ എത്തിയാൽ സംരക്ഷിക്കുന്ന കാര്യം കെപിസിസി തീരുമാനിക്കും. നിലവിൽ സംരക്ഷണം കൊടുക്കാൻ രാഹുൽ കോൺഗ്രസുകാരൻ അല്ലല്ലോ. രാഹുൽ എന്ന് മണ്ഡലത്തിൽ വരുമെന്ന കാര്യവും കെപിസിസി തീരുമാനിക്കുമെന്നും എ തങ്കപ്പൻ പറഞ്ഞു.
പാലക്കാട് വിദ്യവ്യാസ സ്കൂളിൽ എങ്ങിനെ ബോംബ് വന്നുവെന്നും തങ്കപ്പൻ ചോദിച്ചു. 6 ദിവസം കഴിഞ്ഞിട്ടും പൊലീസ് അന്വേഷണത്തിൽ ഒന്നും കണ്ടെത്തിയില്ല. പാലക്കാട് ബോംബ് സംസ്കാരമില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കലാപത്തിനായി ഉണ്ടാക്കിയതാകാം. രക്ഷിതാക്കളും കുട്ടികളും ഭയത്തിലാണ്. മുഖ്യമന്ത്രി ഇടപെടണം. പ്രതികളെ പിടിക്കാത്തത് സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമാണോയെന്ന് സംശയിക്കുന്നതായും തങ്കപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
Post a Comment