Join News @ Iritty Whats App Group

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല: സുപ്രിംകോടതി

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ലെന്ന സുപ്രധാന നീരിക്ഷണവുമായി സുപ്രിംകോടതി. ദി വയര്‍ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജന്റെയും ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ് ജേര്‍ണലിസം അംഗങ്ങളുടെയും അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. ഒരു മാധ്യമപ്രവര്‍ത്തകന്റെ ലേഖനമോ വിഡിയോയോ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരല്ലെന്നാണ് കോടതി നിരീക്ഷണം. 


ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യന്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്ക് എതിരായ പരാതിയില്‍ അസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സിദ്ധാര്‍ത്ഥ് വരദരാജനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യുന്നതില്‍ നിന്ന് കോടതി സംരക്ഷണം നല്‍കി. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രഥമദൃഷ്ട്യാ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണിയല്ലെന്നും ഈ പശ്ചാത്തലത്തില്‍ ബിഎന്‍എസ് സെഷന്‍ 152 ചുമത്താനാകില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. വാര്‍ത്തകള്‍ തയ്യാറാക്കുന്നതിന്റേയോ വിഡിയോകള്‍ ചെയ്യുന്നതിന്റെയോ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ കേസുകളില്‍ അകപ്പെടണോ എന്നും സുപ്രിംകോടതി ചോദിച്ചു. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണങ്ങള്‍.


ഏത് നല്ല നിയമത്തേയും ദുരുപയോഗം ചെയ്യാനും ചൂഷണം ചെയ്യാനും കഴിയുമെന്നും കോടതി വിമര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരെ പ്രത്യേക വിഭാഗമായി കോടതി പരിഗണിക്കുന്നില്ലെന്ന് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി. എന്നിരിക്കിലും ഒരു ലേഖനം എങ്ങനെയാണ് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും പെട്ടെന്ന് നടപടിയെടുക്കേണ്ട വിധത്തില്‍ ഭീഷണിയാകുന്നതെന്ന് കോടതി ചോദിച്ചു. അതൊരു ലേഖനം മാത്രമാണെന്നും അനധികൃതമായി ആയുധങ്ങള്‍ കടത്തുന്നതിന് സമാനമായി കാണാനാകില്ലെന്നും ജസ്റ്റിസ് സൂര്യ കാന്ത് കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
Join Our Whats App Group