Join News @ Iritty Whats App Group

ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രയേൽ നീക്കം, ശക്തമായി അപലപിച്ച് ഖത്തർ

ദോഹ: ഗാസ മുനമ്പിന്‍റെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേൽ നീക്കത്തെ ശക്തമായി അപലപിച്ച് ഖത്തർ. യുദ്ധം മൂലം ഗുരുതരമായ മാനുഷിക പ്രതിസന്ധി നേരിടുന്ന മേഖലയിൽ, ഈ നടപടി സംഘർഷത്തിന്റെ പ്രത്യാഘാതങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കുകയും വെടിനിർത്തലിനുള്ള ശ്രമങ്ങളെ തകർക്കുമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുനൽകി.


ഗാസയുടെ പൂർണ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ തീരുമാനത്തെ കഴിഞ്ഞദിവസം ഇസ്രായേൽ സുരക്ഷ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇസ്രായേലിന്റെ ഈ നീക്കം തടയാൻ അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും നിയമപരവും ധാർമ്മികവുമായ ഉത്തരവാദിത്തങ്ങൾ നിറവേറ്റേണ്ടതുണ്ടെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളും യു.എൻ പ്രമേയങ്ങളും ഇസ്രായേൽ തുടർച്ചയായി ലംഘിക്കുന്നതിനെതിരെ, പ്രത്യേകിച്ച് പട്ടിണിയെ സാധാരണക്കാർക്കെതിരായ യുദ്ധതന്ത്രമായി ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര തലത്തിൽ ശക്തമായ എതിർപ്പ് ഉയരണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.


ഗാസ മുനമ്പിലേക്ക് തടസ്സങ്ങളില്ലാതെ സുരക്ഷിതമായും സുസ്ഥിരമായും സഹായം എത്തിക്കുന്നത് ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം സമ്മർദം ചെലുത്തണമെന്നും മന്ത്രാലയം അഭ്യർത്ഥിച്ചു.


പലസ്തീൻ ജനതയുടെ അവകാശങ്ങളെയും പ്രതിരോധത്തെയും പിന്തുണയ്ക്കുന്നതിൽ രാജ്യത്തിന്റെ നിലപാട് ആവർത്തിച്ച മന്ത്രാലയം 1967 ലെ അതിർത്തികളെ അടിസ്ഥാനമാക്കി സ്വതന്ത്ര പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്നും ദ്വിരാഷ്ട്ര പരിഹാരത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നും വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group