Join News @ Iritty Whats App Group

കൊട്ടിയൂര്‍ പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ റോഡിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

മാനന്തവാടി: കൊട്ടിയൂര്‍ പാല്‍ച്ചുരം ബോയ്‌സ് ടൗണ്‍ റോഡിലെ കുഴികള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. കടുത്ത കോടയും മഴയും ഉള്ളപ്പോള്‍ റോഡിലെ വലിയ കുഴികള്‍ പോലും ഡ്രൈവര്‍മാര്‍ക്ക്‌ കാണാന്‍ പറ്റാത്ത സ്‌ഥിതിയാണ്‌.


ഒരു ഭാഗം കുത്തനെയുള്ള മലനിരകളും മറുഭാഗം കൊക്കയും നിറഞ്ഞ പാല്‍ച്ചുരം പാതയില്‍ പൊതുവേ അപകടങ്ങള്‍ നിരവധിയാണ്‌. ഇതിനു പുറമെയാണ്‌ ഈ മഴക്കാലത്ത്‌ ചുരത്തിലെ മുടിപ്പിന്‍ വളവുകളില്‍ അടക്കം വലിയ കുഴികള്‍ രൂപപ്പെട്ടത്‌. പലയിടത്തും ടാറിങ്‌ തകര്‍ന്നു. കൈവരികള്‍ പോലും നശിച്ച നിലയിലാണ്‌.

ചുരത്തില്‍ പലയിടത്തും പാകിയ ഇന്റര്‍ലോക്ക്‌ ഇളകിയിട്ടുണ്ട്‌. ടാറിങ്‌ തകര്‍ന്നിടങ്ങളില്‍ വലിയ കല്ലും മറ്റും ഇട്ടാണ്‌ നാട്ടുകാര്‍ തന്നെ വലിയ കുഴികള്‍ താല്‍ക്കാലികമായി അടച്ചത്‌. ഓടകളില്ലാത്ത ഭാഗങ്ങളില്‍ മഴവെള്ളം കുത്തി ഒഴുകി ടാറിങ്ങിനോട്‌ ചേര്‍ന്നുള്ള മണ്ണ്‌ ഒലിച്ചു പോയിടത്തും കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. വളവിലും മറ്റും ഇത്തരം കുഴികളില്‍ വാഹനങ്ങള്‍ വീണ്‌ അപകടങ്ങള്‍ ഉണ്ടാകുന്നതും പതിവാണ്‌.

കഴിഞ്ഞ മാസം മണ്ണിടിച്ചിലുണ്ടായി റോഡ്‌ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. ഈ ഭാഗത്തെ മണ്ണും കല്ലും ഇനിയും പൂര്‍ണമായി നീക്കം ചെയ്‌തിട്ടില്ല. അതിനാല്‍ വെള്ളം ഒഴുകുന്നതിനും തടസ്സം ഉണ്ടാകുന്നുണ്ട്‌. ചെകുത്താന്‍ തോടിന്‌ സമീപം വീതി കുറഞ്ഞ ഭാഗത്തെ സുരക്ഷാ വേലിയും തകര്‍ന്ന നിലയിലാണ്‌.

വേലിയില്‍ ഉള്ള ഇരുമ്ബ്‌ പൈപ്പുകള്‍ ഇളകി പോയിട്ടുണ്ട്‌. കഴിഞ്ഞ നവംബറിലാണ്‌ ഈ റോഡില്‍ അവസാനമായി അറ്റകുറ്റപ്പണികള്‍ നടത്തിയത്‌. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ വയനാട്ടിലേക്കു നിര്‍മിക്കുന്ന നാല്‌ വരി പാതയുടെയും മലയോര ഹൈവേയുടെയും ഭാഗമാണ്‌ ബോയ്‌സ് ടൗണ്‍ റോഡ്‌. കണ്ണൂര്‍ ജില്ലയിലെ അമ്ബായത്തോട്‌ മുതല്‍ ചുരത്തിലെ ദുര്‍ഘട പ്രദേശം വരെ വിമാനത്താവള പാത രണ്ടു വരിയായി നിര്‍മിക്കുന്നതിനാണ്‌ തീരുമാനിച്ചിട്ടുള്ളത്‌.

മലയോര ഹൈവേയും ഭാഗമായി 12 മീറ്ററാണ്‌ ഇവിടെയും വീതി തീരുമാനിച്ചിട്ടുള്ളത്‌. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ചുരം മേഖലയില്‍ 12 മീറ്റര്‍ ലഭ്യമാകില്ല. അവിടെ ലഭ്യമാകുന്ന പരമാവധി വീതിയില്‍ നിര്‍മാണം നടത്താനാണ്‌ തീരുമാനം. 6.45 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ റോഡിന്റെ നവീകരണത്തിനായി 41.44 കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ടെന്‍ഡര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന്‌ റോഡ്‌ ഫണ്ട്‌ ബോര്‍ഡ്‌ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group