Join News @ Iritty Whats App Group

ഒരു നിമിഷം പോലും എംഎൽഎ പദവിയിലിരിക്കാൻ അർഹനല്ല, ആരെല്ലാം സംരക്ഷിക്കാൻ ശ്രമിച്ചാലും രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കും വരെ പ്രതിഷേധമെന്ന് മഹിളാ മോർച്ച

കോഴിക്കോട്: ലൈംഗിക ചൂഷണത്തിന് വിധേയരായ നിരവധി സ്ത്രീകൾ പരാതിപെട്ടിട്ടും രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കോൺഗ്രസ് നേതൃത്വം കേരളത്തിലെ സ്ത്രീകളോട് മാപ്പ് പറയണമെന്ന് മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്‍റ് നവ്യാ ഹരിദാസ്. സ്ത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഒരു നിമിഷം ആ പദവിയിലിരിക്കാൻ അർഹനല്ലെന്നും നവ്യ അഭിപ്രായപ്പെട്ടു. ജനാധിപത്യത്തെ അപമാനിച്ച എം എൽ എ രാജിവെക്കണമെന്നും മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.


സത്രീകൾക്കെതിരെ ലൈംഗികാതിക്രമം നടത്തി സത്രീത്വത്തെ അപമാനിച്ച രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുവാൻ ആരെല്ലാം ശ്രമിച്ചാലും എം എൽ എ രാജിവെക്കുന്നത് വരെ ശക്തമായ പ്രതിഷേധ സമരങ്ങളുമായി സംസ്ഥാനത്തെ മുഴുവൻ വനിതകളും തെരുവിലിറങ്ങും. സമാധാനപരമായി എം എൽ എ ഓഫീസിലേക്ക് സമരം ചെയ്ത മഹിളാ മോർച്ചാ പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി അപലപനീയമെന്നും നവ്യാ ഹരിദാസ് പറഞ്ഞു.


പ്രതിഷേധം ശക്തം


ആരോപണങ്ങളെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിനെതിരെ യുവജന സംഘടനകള്‍ ഇന്ന് സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധമാണ് ഉയർത്തിയത്. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി ജെ പി നേതാക്കളും സി പി എം നേതാക്കളും യുവജന സംഘടന നേതാക്കളും രംഗത്തെത്തുകയും ചെയ്തു. വിവിധയിടങ്ങളിൽ രാഷ്ട്രീയ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ചും റാലിയും നടത്തി. രാഹുൽ മാങ്കൂട്ടത്തിൽ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ രാഷ്ട്രീയ, യുവജന സംഘടനകൾ സമരം ശക്തമാക്കിയിട്ടുണ്ട്. രാഹുലിന്‍റെ പാലക്കാടുള്ള എം എൽ എ ഓഫീസിലേക്ക് കോഴികളെയും കൊണ്ടാണ് മഹിളാമോർച്ച പ്രവർത്തകർ സമരം നടത്തിയത്. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. ഡി വൈ എഫ് ഐയും പാലക്കാട്ടെ എം എൽ എ ഓഫീസിലേക്ക് പ്രകടനം നടത്തി. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫ്ലക്സിന് പ്രവർത്തകർ കരി ഓയിൽ ഒഴിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിന്‍റെ പറവൂരിലെ ഓഫീസിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ബാരിക്കേഡ് ഭേദിച്ച് ഓഫീസിലേക്ക് ഓടിക്കയറാൻ ശ്രമിച്ച പ്രവർത്തകർ ഓഫീസ് കോമ്പൗണ്ടിലേക്ക് കല്ലും വടികളും വലിച്ചെറിഞ്ഞു. ഓഫീസ് ബോർഡ് മറിച്ചിട്ട പ്രതിഷേധക്കാർ ബോർഡിൽ കരിയോയിൽ ഒഴിക്കുകയും കോലം കത്തിക്കുകയും ചെയ്തു. ഓഫീസ് ആക്രമിക്കാൻ പൊലീസ് കൂട്ടുനിന്നെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഓഫീസ് ആക്രമണത്തിൽ പ്രതിഷേധിച്ചു ഇന്ന് വൈകുന്നേരം നാലിന് കോണ്‍ഗ്രസ് പ്രവർത്തകർ പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച്‌ നടത്തും.

Post a Comment

Previous Post Next Post
Join Our Whats App Group