Join News @ Iritty Whats App Group

ഓപ്പറേഷൻ ഗജമുക്തി; ആറളം ഫാമിൽ നിന്ന് 9 ആനകളെ വന്യജീവി സങ്കേതത്തിലേക്ക് തുരത്തി, ഒന്നാം ദിവസം വൻ വിജയം!

ആറളം: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച "ഓപ്പറേഷൻ ഗജമുക്തി"യുടെ ഒന്നാം ദിവസം വൻ വിജയകരമായി പൂർത്തിയാക്കി. ഇന്ന് രാവിലെ ആറളം ഫാം ഏരിയയിൽ നിന്ന് മൂന്ന് കുട്ടിയാനകൾ ഉൾപ്പെടെ ഒമ്പത് കാട്ടാനകളെ ആറളം വന്യജീവി സങ്കേതത്തിലേക്ക് വിജയകരമായി തുരത്തി. രാവിലെ 7 മണിക്ക് തന്നെ ഡ്രോണുകൾ ഉപയോഗിച്ച് ആനകളെ കണ്ടെത്താനുള്ള പ്രവർത്തനം ആരംഭിച്ചു. 50 പേരടങ്ങുന്ന വനം വകുപ്പ് ജീവനക്കാരും ആറളം ഫാം കോർപ്പറേഷൻ ജീവനക്കാരും ചേർന്നാണ് ഈ നിർണായക ദൗത്യത്തിന് തുടക്കമിട്ടത്.


രാവിലെ 8:30 ഓടെ ഓപ്പറേഷനിൽ പങ്കെടുക്കുന്ന മറ്റ് ജീവനക്കാരും പൊലീസ് ടീമും റെവന്യൂ ടീമും ഫാർമിന്റെ ഒന്നാം ബ്ലോക്കിൽ എത്തിച്ചേർന്നിരുന്നു. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിൽ ആറളം വൈൽഡ്ലൈഫ് വാർഡൻ വി. രതീശൻ കോട്ടിയൂർ റേഞ്ച് ഓഫീസർ നിതിൻരാജ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ എന്നിവരുടെ നേതൃത്വത്തിൽ, ഡെപ്യൂട്ടി ആർ.എഫ്.ഒ. ഷൈനികുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മഹേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രജീഷ് എന്നിവർ നയിച്ച ഡ്രൈവിംഗ് ടീമാണ് ആനകളെ തുരത്തുന്നതിൽ നിർണായക പങ്ക് വഹിച്ചത്. ആറളം സ്കൂൾ ഹെലിപാഡ് വഴി, തളിപ്പാറ, കോട്ടപ്പാറ ഫെൻസിംഗ് കടത്തി ആനകളെ വന്യജീവി സങ്കേതത്തിലേക്ക് എത്തിച്ചത് ആസൂത്രണം ചെയ്തതുപോലെ കൃത്യമായി നടന്നു.


ഓപ്പറേഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെ ഏകോപനം ശ്രദ്ധേയമായിരുന്നു. രാവിലെ 7 മണിക്ക് തന്നെ പഞ്ചായത്ത് വകുപ്പ് പൊതുജനങ്ങൾക്ക് അറിയിപ്പുകൾ നൽകിത്തുടങ്ങി. ആറളം പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, വാർഡ് മെമ്പർ മിനി, ആറളം സെക്യൂരിറ്റി ഓഫീസർ ബെന്നി, ആറളം സബ് ഇൻസ്പെക്ടർ രാജീവൻ, ഡെപ്യൂട്ടി തഹസിൽദാർ ബിജി ജോൺ , സീനിയർ ക്ലാർക്ക് മനോജ് എന്നിവരും ഓപ്പറേഷൻ സൈറ്റിൽ സജീവമായി പങ്കെടുത്തു. വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, രാവിലെ 10 മണിക്ക് സ്കൂൾ വിട്ടതിന് ശേഷം മാത്രമാണ് ആനകളെ തുരത്തുന്നതിനുള്ള ഡ്രൈവ് കണ്ണവം റേഞ്ച് ഓഫീസർ സുധീർ, ഫ്ലൈയിങ് സ്ക്വാഡ് റേഞ്ച് ഓഫീസർ ജയപ്രകാശ് എന്നിവരും ഓപ്പറേഷന് നേതൃത്വം നൽകി. കടത്തി വിട്ട ആനകൾ തിരിച്ചു കയറാതിരിക്കാനായി നൈറ്റ് പട്രോളിഗ് ശക്തമാക്കും. ഗജമുക്തി ഓപ്പറേഷൻ അടുത്ത ദിവസങ്ങളിലും തുടരും.

Post a Comment

Previous Post Next Post
Join Our Whats App Group