Join News @ Iritty Whats App Group

പരസ്യത്തിൽ ക്ലിക്ക് ചെയ്തു, ആദ്യം 50,000 തിരികെ കിട്ടി, തുടരെത്തുടരെ പണമിട്ടു, ഡോക്ടർക്ക് നഷ്ടപ്പെട്ടത് 73 ലക്ഷം രൂപ

ഓൺലൈൻ തട്ടിപ്പിൽ ബെം​ഗളൂരുവിലെ 70 -കാരിയായ ഡോക്ടർക്ക് നഷ്ടപ്പെട്ടത് 73 ലക്ഷം രൂപ. ജൂലൈ 12 -നും ആ​ഗസ്ത് 7 -നും ഇടയിലായിട്ടാണ് ഇവരുടെ അക്കൗണ്ടിൽ നിന്നും തട്ടിപ്പുകാർ പണം തട്ടിച്ചത്. വ്യാജനിക്ഷേപ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു തട്ടിപ്പ്. തന്റെ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവർക്ക് താൻ ചതിയിൽ പെട്ടതായും പണം നഷ്ടപ്പെട്ടതായും മനസിലാവുന്നത്.

ഹൊറമാവ് നിവാസിയായ ഡോക്ടർ ഓഹരി വിപണിയുമായി ബന്ധപ്പെട്ട ഒരു ഓൺലൈൻ പരസ്യത്തിൽ ക്ലിക്ക് ചെയ്തതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇതിന് പിന്നാലെ ജൂലൈ 12 -ന് സൈബർ കുറ്റവാളികൾ അവരെ എഴുപതോളം അംഗങ്ങളുള്ള VIP-65 ഫെയർ PE സ്ട്രാറ്റജി റൂം എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേർത്തു. തുടക്കത്തിൽ, അഡ്മിനിസ്ട്രേറ്റർമാരായ റാം മനോഹർ എം ( നമ്പർ: 7870176400, 7600517738), വംശി രമണ (നമ്പർ: 7839535970) എന്നിവരും ​ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും പോസ്റ്റ് ചെയ്യുന്ന മെസ്സേജുകൾ നിരീക്ഷിക്കുക മാത്രമാണ് ഡോക്ടർ ചെയ്തത്.

എങ്ങനെയാണ് പണം നിക്ഷേപിക്കുക എന്നതിനെ കുറിച്ചുള്ള ഉപദേശങ്ങളാണ് അഡ്മിനിസ്ട്രേറ്റർമാർ നല്‌‍കിയത്. പിന്നാലെ ചിലർ പണം കിട്ടിയതിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചു. ഇതൊക്കെയായപ്പോൾ തനിക്കും പണം നിക്ഷേപിക്കാൻ താല്പര്യമുണ്ട് എന്ന് ഡോക്ടർ അറിയിക്കുകയായിരുന്നു. ആദ്യം അവർക്ക് 50,000 രൂപ തിരികെ കിട്ടുകയും ചെയ്തു. ഇതോടെ ഡോക്ടർക്ക് ഇതിലുള്ള വിശ്വാസം വർധിച്ചു.

രണ്ട് തരം നിക്ഷേപമുണ്ട്, ഒന്ന് ഇന്ന് നിക്ഷേപിച്ച് നാളെ വിൽക്കുന്ന രീതിയാണ്. രണ്ടാമത്തേത് ഏറെ കാലത്തേക്കുള്ള നിക്ഷേപമാണ് എന്നും തട്ടിപ്പുകാർ ഡോക്ടറെ വിശ്വസിപ്പിച്ചു. അങ്ങനെ 'FaerPE' എന്ന ആപ്പിലൂടെ ഡോക്ടർ പണം നിക്ഷേപിച്ച് തുടങ്ങി. സ്വന്തം അക്കൗണ്ടിൽ നിന്നും രണ്ട് ബന്ധുക്കളുടെ അക്കൗണ്ടിൽ നിന്നും അവർ പണം നിക്ഷേപിച്ചു. തട്ടിപ്പുകാർ അവരോട് 73 ലക്ഷത്തിന് 1.7 കോടി ലഭിച്ചതായി പറയുകയും ചെയ്തു.

പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ ടാക്സ് ചാർജ്ജ് തുടങ്ങി പല കാരണങ്ങളും പറഞ്ഞ് കൂടുതൽ പണം ആവശ്യപ്പെട്ടു. സംശയം തോന്നിയ സ്ത്രീ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഒടുവിൽ, തട്ടിപ്പുകാരൊരുക്കിയ കെണി ആയിരുന്നു ഇതെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.

Post a Comment

Previous Post Next Post
Join Our Whats App Group