Join News @ Iritty Whats App Group

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ‌; VIP ഡ്യൂട്ടിക്ക് വിളിച്ച വാഹനങ്ങൾക്ക് പ്രതിഫലം നൽകിയില്ല; ഓഫീസുകൾ കയറിയിറങ്ങി ഡ്രൈവർമാർ

ഗവർണർമാരുടെ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തഭൂമി സന്ദർശനവേളയിൽ, വാടകയ്ക്കെടുത്ത വാഹനങ്ങൾക്ക് സർക്കാർ പ്രതിഫലം നൽകുന്നില്ലെന്ന് പരാതി. ഒരു വർഷമായി ഡ്രൈവർമാർ സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. എന്നാൽ തുക അനുവദിക്കേണ്ടത് ആഭ്യന്തര വകുപ്പിൽ നിന്നാണെന്നാണ് ജില്ലാ കളക്ടറുടെ വിശദീകരണം.

നാല് ഇന്നോവ കാറുകൾ വാടകക്ക് വിളിച്ചതിൽ ആർക്കും വാടക നൽകിയില്ല. ദുരിതകാലത്ത് ദുരന്തമേഖലകളിൽ പ്രയാസപ്പെട്ടെത്തിയ ഡ്രൈവർമാരാണ് പ്രതിസന്ധിയിലായത്. മോട്ടോർ വാഹന വകുപ്പിൽ നിന്ന് വിളിച്ചായിരുന്നു ഇവരോട് വാഹനം വാടകയ്ക്ക് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വാഹനങ്ങൾക്ക് ഇതുവരെ വാടക നൽകിയിട്ടില്ല. ആഭ്യന്തര വകുപ്പിലേക്ക് ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ‌ കൈമാറിയിട്ടുണ്ടെന്നും പണം ഉടൻ എത്തുമെന്നായിരുന്നു കളക്ടറുടെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്. എന്നാൽ ഒരു വർഷമായി ഇതിന് പുറകെ നടക്കുകയാണ് ഡ്രൈവർമാർ.


ദുരന്ത നിവാരണ അതോറിറ്റിയുടെ ഓഫീസിലായിരുന്നു ബില്ല് നൽകിയിരുന്നത്. ഇവിടെ നിന്ന് വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്ന് കളക്ടറിന്റെ ഓഫീസിനെ സമീപിക്കുകയായിരുന്നുവെന്ന് ഡ്രൈവർമാർ പറയുന്നു. നിരന്തരം ഇതിന് പുറകെ നടക്കുകയാണെന്നും ഫയൽ തിരുവനന്തപുരത്തേക്ക് അയച്ചിട്ടുണ്ടെന്നുമാണ് പറയുന്നത്. എന്നാൽ ഒരു വർഷമായി ഇതിന് ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ഡ്രൈവർമാർ പറയുന്നു. വീണ്ടും ഇത്തരം ആവശ്യങ്ങൾ‌ക്കായി വിളിക്കുമ്പോൾ‌ പോകാൻ ഭയമാണെന്നും പണം കിട്ടില്ലെന്നുമുള്ള ആശങ്കയാണ് ഡ്രൈവർമാർ പറയുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group