Join News @ Iritty Whats App Group

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

ആലപ്പുഴയിലെ ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ ജയില്‍ മോചിതയായി. പരോളില്‍ തുടരുകയായിരുന്ന ഷെറിന്‍ രഹസ്യമായി ജയിലിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കി മടങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഷെറിന്റെ ജയില്‍ മോചനം സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു.

ഷെറിന് ജയിലില്‍ കഴിയുമ്പോഴും ഉന്നതരുമായി ഉണ്ടായിരുന്ന വഴിവിട്ട ബന്ധങ്ങളാണ് ജയില്‍ മോചനത്തിന് സഹായകമാകുന്നതെന്ന തരത്തില്‍ വലിയ പ്രചരണമുണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ ആരോപണം സംസ്ഥാന സര്‍ക്കാരിലേക്കും വിരല്‍ ചൂണ്ടിയിരുന്നു. പരോള്‍ കാലാവധി ഈ മാസം 22 വരെയാണ് ഉണ്ടായിരുന്നത്.

ഇതിനിടെയാണ് ജയില്‍ മോചനത്തിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് ഇന്ന് കണ്ണൂര്‍ വനിതാ ജയിലിലേക്ക് അതീവരഹസ്യമായി എത്തിയ ഷെറിന്‍ ഒപ്പിട്ട ശേഷം ഉടന്‍തന്നെ മടങ്ങിയെന്നാണ് വിവരം. 2009ല്‍ ഭര്‍തൃപിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസില്‍ ഷെറിനും മൂന്ന് സുഹൃത്തുക്കളും ശിക്ഷിക്കപ്പെടുകയായിരുന്നു.

എന്നാല്‍ ശിക്ഷാ കാലയളവില്‍ ആകെ 500 ദിവസത്തെ പരോളാണ് ഷെറിന് ലഭിച്ചത്. ഷെറിന്റെ വഴിവിട്ട ബന്ധങ്ങളും പ്രണയങ്ങളും കാരണവര്‍ അറിഞ്ഞതോടെയാണ് കൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ ഷെറിന് പുറമെ ബാസിത്ത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരെയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group