ബീജിങ്: ദലൈലാമയുടെ പിൻഗാമിയെ തീരുമാനിക്കും എന്ന നിലപാടിൽ ഉറച്ച് ചൈന. ചൈനയുടെ പരമാധികാരത്തിൽ വരുന്ന വിഷയമാണ് ഇതെന്നാണ് അവകാശവാദം. ചൈനീസ് സർക്കാരിന്‍റെ അനുമതിയോടെയേ ദലൈലാമയെ തെരഞ്ഞെടുക്കാനാവൂ എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാവോ നിങ് പ്രതികരിച്ചു. അതേസമയം ദലൈലാമയുടെ പ്രസ്താവനയോട് ഔദ്യോഗികമായി ഇന്ത്യ പ്രതികരിച്ചിട്ടില്ല.
നിലവിലെ ദലൈലാമയായ ടെൻസിൻ ഗ്യാറ്റ്സോ വിഘടനവാദിയാണെന്നാണ് ചൈനയുടെ ആരോപണം. 1959ലാണ് അദ്ദേഹം ചൈനീസ് അധിനിവേശത്തെ തുടർന്ന് ഇന്ത്യയിലെത്തിയത്. ദലൈലാമയുടെ 90ആം ജന്മദിനമായ ജൂലൈ 6ന് തന്‍റെ പിൻഗാമിയെ പ്രഖ്യാപിക്കും എന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ തന്‍റെ മരണാനന്തരം മാത്രമേ പുതിയ ദലൈലാമയെ തീരുമാനിക്കൂ എന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചത്. ഗാദെൻ ഫോദ്രങ് ട്രസ്റ്റിന് മാത്രമേ ദലൈലാമയെ തെരഞ്ഞെടുക്കാൻ അവകാശമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
600 കൊല്ലം പഴക്കമുള്ള ദലൈലാമ എന്ന ആത്മീയ സ്ഥാനത്തിന് തുടർച്ചയുണ്ടാകും എന്ന പ്രഖ്യാപനം ടിബറ്റൻ വംശജരെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. എന്നാൽ ചൈനയിൽ താമസിക്കുന്ന ഒരാൾക്കേ ലാമയാകാൻ കഴിയൂ എന്നാണ് ചൈനീസ് സർക്കാരിൻറെ നിലപാട്. പുതിയ ലാമയെ തെരഞ്ഞെടുക്കാൻ ചൈന നീക്കം തുടങ്ങിയിട്ടുണ്ട്. ടിബറ്റിൽ ചൈന നിയോഗിച്ച പഞ്ചൻലാമ പ്രസിഡൻറ് ഷി ജിൻപിംഗുമായി ഇക്കാര്യം ചർച്ച ചെയ്തു.
അതേസമയം നിലവിലെ സംഭവ വികാസങ്ങളോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. 1,40,000 ടിബറ്റൻ വംശജരുടെ നിയന്ത്രണം ഇന്ത്യയുടെ അനുവാദത്തോടെ ഇപ്പോൾ ധരംശാലയിൽ പ്രവർത്തിക്കുന്ന ഭരണകൂടത്തിനാണ്. ദലൈലാമ തെരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിക്കുന്ന ചൈനയ്ക്ക് വ്യക്തമായ സന്ദേശമാണ് പതിനാലാം ദലൈലാമ കഴിഞ്ഞ ദിവസം നൽകിയത്- "ഭാവിയിൽ ദലൈലാമയെ തെരഞ്ഞെടുക്കുന്ന പ്രക്രിയ എങ്ങനെയാണെന്ന് 2011 സെപ്റ്റംബർ 24-ലെ പ്രസ്താവനയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പുതിയ ദലൈലാമയെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം ദലൈലാമയുടെ ഓഫീസായ ഗാഡെൻ ഫോദ്രങ് ട്രസ്റ്റിലെ അംഗങ്ങൾക്ക് മാത്രമായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റാർക്കും ഇതിൽ ഇടപെടാൻ അധികാരമില്ല"
Post a Comment