Join News @ Iritty Whats App Group

ഭര്‍തൃപീഡനം, മകനെ നഷ്ടപ്പെടുമെന്ന ഭയം; റീമയെ മരണത്തിലേക്ക് തള്ളിവിട്ടതാര്?

ണ്ണൂർപഴയങ്ങാടി വെങ്ങരയില്‍ നിന്നുള്ള എം.വി. റീമ (32) എന്ന യുവതി പുഴയില്‍ ചാടി മരിച്ചതിന് പിന്നില്‍ ഭർത്താവില്‍ നിന്നും ഭർതൃമാതാവില്‍ നിന്നുമുള്ള അതിക്രൂരമായ മാനസിക പീഡനമെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.



മൂന്ന് വയസ്സുള്ള മകൻ കൃഷിവ്രാജുമായി പുഴയിലേക്ക് ചാടിയ റീമയുടെ മൃതദേഹം ഞായറാഴ്ച രാവിലെ കണ്ടെത്തുകയായിരുന്നു. കുട്ടിക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വയലപ്ര ചെമ്ബല്ലിക്കുണ്ട് പാലത്തില്‍ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. സ്കൂട്ടറില്‍ മകനുമായി എത്തിയ റീമ, കുട്ടിയെ മാറോട് ചേർത്ത് പുഴയിലേക്ക് എടുത്ത് ചാടുകയായിരുന്നു.

പയ്യന്നൂരില്‍ നിന്നെത്തിയ ഫയർഫോഴ്‌സിന്റെയും സ്കൂബ ടീമിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ചെമ്ബല്ലിക്കുണ്ട് റെയില്‍വേ പാലത്തിന് സമീപത്ത് നിന്ന് റീമയുടെ മൃതദേഹം രാവിലെ 8:30 ഓടെ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

റീമയുടെ മൊബൈല്‍ ഫോണില്‍ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പ് മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്. 'ഞങ്ങളുടെ മരണത്തിന് ഉത്തരവാദികള്‍ ഭർത്താവും ഭർത്താവിൻ്റെ മാതാവുമാണ്' എന്ന് ഇംഗ്ലീഷില്‍ എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി.

ഭർത്താവുമായി പിണങ്ങിക്കഴിയുകയായിരുന്ന റീമ, സ്വന്തം വീട്ടില്‍ നിന്നാണ് പുലർച്ചെ കുട്ടിയുമായി ഇറങ്ങിപ്പോയത്. ഇരിണാവ് സ്വദേശിയായ ഭർത്താവ് കമല്‍രാജ്, കുട്ടിയെ തനിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഇത് സംബന്ധിച്ച്‌ ഞായറാഴ്ച വൈകിട്ട് കുടുംബാംഗങ്ങള്‍ ഒത്തുതീർപ്പ് ചർച്ച നടത്താനിരിക്കുകയായിരുന്നെന്നും റീമയുടെ വീട്ടുകാർ പറയുന്നു.

മുൻ പ്രവാസിയായ ഭർത്താവും മാതാവും മാനസികമായി പീഡിപ്പിച്ചിരുന്നതായി റീമയുടെ സഹോദരി ഭർത്താവ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഈ ആരോപണങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

ഭർത്താവ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയതിന് ശേഷമാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളായതെന്നും വീട്ടുകാർ പറയുന്നു. കണ്ണപുരം പോലീസ് സ്റ്റേഷനില്‍ റീമ മുമ്ബ് ഭർത്താവിനെതിരെ പീഡന പരാതി നല്‍കിയിരുന്നതായും വിവരങ്ങളുണ്ട്.

അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പഴയങ്ങാടി, പരിയാരം, പയ്യന്നൂർ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. കനത്ത മഴ കുട്ടിക്കായുള്ള തിരച്ചിലിന് തടസ്സമുണ്ടാക്കുന്നുണ്ട്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും തിരച്ചില്‍ സംഘത്തോടൊപ്പം ചേർന്നിട്ടുണ്ട്.

വെങ്ങര നടക്കുതാഴെ മോഹനൻ-രമ ദമ്ബതികളുടെ മകളാണ് റീമ. രമ്യയാണ് ഏക സഹോദരി. നൂറുകണക്കിനാളുകളാണ് സംഭവമറിഞ്ഞ് പുഴയോരത്തേക്കും റീമയുടെ വീട്ടിലേക്കും എത്തിച്ചേർന്നത്. ജനപ്രതിനിധികളും സ്ഥലത്തെത്തി. ഭർതൃവീട്ടുകാർക്കെതിരായ ആരോപണങ്ങളില്‍ ശക്തമായ അന്വേഷണമാണ് പോലീസ് നടത്തുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group