വാഗമണ്‍: അമ്മയുടെ മടിയിലിരുന്ന് പാലുകുടിക്കുകയായിരുന്ന നാലുവയസ്സുകാരൻ, ഇലക്‌ട്രിക്കല്‍ ചാർജിങ് സ്റ്റേഷനുള്ളിലേക്ക് കയറിയ വാഹനം നിയന്ത്രണംവിട്ട് ഇടിച്ച് മരിച്ചു.
തിരുവനന്തപുരം നേമം ശാന്തിവിള ശാസ്താംലെയ്നില്‍ നാഗമ്മല്‍ വീട്ടില്‍, എയർഫോഴ്സ് ഉദ്യോഗസ്ഥനായ ശബരിനാഥിന്റെയും പാലാ പോളിടെക്നിക്ക് അധ്യാപിക ആര്യാ മോഹന്റെയും മകനായ എസ്. അയാൻഷ് നാഥ് ആണ് മരിച്ചത്. ആര്യാ മോഹ(30)-ന് ഗുരുതരമായി പരിക്കേറ്റു.
ശനിയാഴ്ച വൈകീട്ട് മൂന്നിന് വാഗമണ്‍ വഴിക്കടവില്‍ കുരിശുമലയിലേക്ക് തിരിയുന്ന റോഡിനും ബസ് സ്റ്റാൻഡിനും സമീപത്തുള്ള സ്വകാര്യ ഇലക്‌ട്രിക് ചാർജിങ് സ്റ്റേഷനിലായിരുന്നു അപകടം. കുട്ടിയുടെ അച്ഛൻ ശബരിനാഥ് അവധിക്കെത്തിയപ്പോള്‍ കുടുംബസമേതം വാഗമണ്‍ കാണാനെത്തിയതായിരുന്നു. കാർ ഇവിടെ നിർത്തിയിട്ട് ചാർജ് ചെയ്യുകയായിരുന്നു.
കുട്ടിക്ക് പാല്‍ നല്‍കുന്നതിനായി ആര്യ രണ്ടാമത്തെ ചാർജിങ് പോയന്റിനു സമീപത്തേക്ക് മാറിയിരുന്നു. ഇതിനിടയില്‍ ചാർജ് ചെയ്യാനെത്തിയ മറ്റൊരു കാർ ഇവിടേക്ക് കയറ്റുംവഴി ഇവരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു.
പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ചേർപ്പുങ്കലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ഏഴുമണിയോടെ കുട്ടി മരിച്ചു. എറണാകുളത്തുള്ള അഭിഭാഷകനാണ് അപകടമുണ്ടാക്കിയ കാർ ഓടിച്ചതെന്നാണ് വിവരം. അയാൻഷ് നാഥ് പാലാ ബ്ലൂമിങ് ബഡ്സിലെ എല്‍കെജി വിദ്യാർഥിയാണ്. പാലായിലായിരുന്നു താമസം.
അപകടം പുതിയ കാറിലെ കന്നിയാത്രയില്‍
നേമം: വാഗമണില്‍ ചാർജിങ് സ്റ്റേഷനില്‍ കാറിടിച്ചുണ്ടായ വാഹനാപകടത്തില്‍ പുതിയ കാറിലെ കന്നിയാത്രയാണ് ദുരന്തത്തില്‍ കലാശിച്ചത്. മരിച്ച നാലുവയസ്സുകാരൻ അയാന്റെ കുടുംബം കഴിഞ്ഞ ചൊവ്വാഴ്ചയാണ് നേമം ശാന്തിവിള ശാസ്താംനഗറിലെ നാഗമ്മാള്‍ ഹൗസില്‍നിന്നു പുറപ്പെട്ടത്. പുതുതായി വാങ്ങിയ ഇലക്‌ട്രിക് കാറിലെ വിനോദയാത്രയ്ക്കിടെയായിരുന്നു അപകടം. കാർ ചാർജ് ചെയ്യാൻവേണ്ടി കാത്തിരിക്കുമ്ബോഴാണ് അയാനും അമ്മ ആര്യയ്ക്കും നേരേ മറ്റൊരു കാർ പാഞ്ഞുകയറിയത്.
വാഗമണ്‍ സന്ദർശിച്ചശേഷം ആര്യയെയും അയാനെയും പാലായിലെ വീട്ടിലാക്കിയശേഷം മടങ്ങാനായിരുന്നു തീരുമാനം. അയാന്റെ അച്ഛൻ ശബരിനാഥ് ആക്കുളം എയർഫോഴ്സ് യൂണിറ്റില്‍ ഉദ്യോഗസ്ഥനാണ്.
ശബരിനാഥിന്റെ അച്ഛൻ റിട്ടയേർഡ് കെഎസ്‌ആർടിസി ഉദ്യോഗസ്ഥൻ സുന്ദരവും ഇവർക്കൊപ്പം കാറിലുണ്ടായിരുന്നു. ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന ശബരിനാഥിന് ഒരുവർഷം മുൻപാണ് തിരുവനന്തപുരത്തേക്കു മാറ്റം കിട്ടിയത്.
പാലായിലെ പോളിടെക്നിക്കില്‍ അധ്യാപികയായ ആര്യയ്ക്കൊപ്പമായിരുന്നു അയാനും. ഒരുവർഷം മുൻപാണ് ആര്യയ്ക്കു ജോലി ലഭിച്ചത്. അവധി ദിവസങ്ങളില്‍ ആര്യയും കുഞ്ഞ് അയാനും ശാസ്താംനഗറിലെ വീട്ടില്‍ എത്തിയിരുന്നു. വലിയശാല സ്വദേശികളായ ഇവർ 15 വർഷം മുൻപാണ് ശാന്തിവിള ശാസ്താംനഗറില്‍ താമസമായത്. അയാൻ അയല്‍വാസികള്‍ക്കെല്ലാം പരിചിതനായിരുന്നു. അയാൻ ഇനിയില്ലെന്നത് ഉള്‍ക്കൊള്ളാൻ സമീപവാസികള്‍ക്കു കഴിയുന്നില്ല.
വിനോദയാത്ര പോകുമ്ബോള്‍ അയാൻ പരിസരവാസികളോടു യാത്രപറഞ്ഞിരുന്നു. പാലായിലെ വീടിനടുത്തുള്ള ഡേ സ്കൂളില്‍ പോയിത്തുടങ്ങിയതിന്റെ വിശേഷങ്ങളും അയാൻ സമീപവാസികളുമായി പങ്കുെവച്ചിരുന്നു.
Post a Comment