Join News @ Iritty Whats App Group

ഭാരതാംബ വിവാദം: ഗവർണറുടെ പരിപാടി റദ്ദാക്കിയ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാർക്ക് സസ്പെൻഷൻ. കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചുള്ള സെനറ്റ് ഹാളിലെ പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെ വി സി ഡോ. മോഹൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. ഗവർണർ പങ്കെടുക്കേണ്ട പരിപാടി റദ്ദാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിസിയുടെ വിശദീകരണം.

സെനറ്റ് ഹാളിൽ പത്മനാഭ സേവാസമിതി സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചത് വിവാദമായിരുന്നു. ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിക്ക് അനുമതി നിഷേധിച്ച രജിസ്ട്രാറുടെ നടപടിയാണ് വിസിയുടെ ഇടപെടലിന് ആധാരം. സർവകലാശാല അനുമതി റദ്ദ് ചെയ്തശേഷവും സെനറ്റ് ഹാളിലെ നിശ്ചിത പരിപാടിയുമായി മുന്നോട്ടുപോയി. ഇത് നിയമവിരുദ്ധമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് രജിസ്ട്രാർ ഡിജിപിക്ക് പരാതി നൽകിയിരുന്നു.

കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ച് സെനറ്റ് ഹാളിൽ ഗവര്‍ണ്ണര്‍ പങ്കെടുത്ത പരിപാടിക്കിടെയുണ്ടായത് വലിയ സംഘർഷമാണ്. ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ ചിത്രം വെച്ചത് നിബന്ധനകളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രജിസ്ട്രാർ അനുമതി റദ്ദാക്കിയത്. സർവ്വകലാശാല നിബന്ധനകൾക്ക് വിരുദ്ധമാണ് ചിത്രം വെച്ചതെന്ന നിലപാടിലാണ് രജിസ്ട്രാർ. വൻ പ്രതിഷേധങ്ങൾക്കിടെയാണ് ഗവർണ്ണർ അന്ന് പരിപാടിയിൽ പങ്കെടുത്തത്.

വിസി നൽകിയ റിപ്പോർട്ട്

രാജ്ഭവൻ ആവശ്യപ്പെട്ട പ്രകാരം വിസി നൽകിയ റിപ്പോർട്ടിൽ രജിസ്ട്രാർക്കെതിരെ ഗുരുതര വിമർശനമാണുള്ളത്. സിന്റിക്കേറ്റ് അംഗങ്ങളുടെയടക്കം ബാഹ്യസമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് അനുമതി റദ്ദാക്കിയതെന്നാണ് കുറ്റപ്പെടുത്തൽ. രജിസ്ട്രാർ ഗവർണ്ണറോട് കാണിച്ചത് അനാദരവാണ്. ഗവർണ്ണർ ചടങ്ങിനെത്തി ദേശീയ ഗാനം പാടുമ്പോഴാണ് അനുമതി റദ്ദാക്കിയുള്ള മെയിൽ രജിസ്ട്രാർ രാജ്ഭവനിലേക്ക് അയച്ചതെന്നും സംഘർഷത്തെ കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നുമാണ് വിസി മോഹൻ കുന്നുമ്മലിൻറെ ശുപാർശ. മതപരമായ ചിഹ്നം വെച്ചതിനാണ് റദ്ദാക്കലെന്നായിരുന്നു രജിസ്ട്രാറുടെ വിശദീകരണം. ഏത് മതപരമായ ചിഹ്നമെന്ന് വിശദീകരണത്തിൽ ഇല്ലെന്നും വിസി കുറ്റപ്പെടുത്തുന്നു. ഗവർണ്ണറുടെ നിലപാടിനൊപ്പം നിന്നുള്ള റിപ്പോർട്ടായിരുന്നു വിസി നൽകിയത്. എന്നാൽ സർക്കാർ നിലപാടിനൊപ്പമാണ് രജിസ്ട്രാർ.

Post a Comment

Previous Post Next Post
Join Our Whats App Group