Join News @ Iritty Whats App Group

‘പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് മാറുന്ന പ്രക്രിയ നടക്കുകയായിരുന്നു’: മെഡിക്കൽ കോളജ് പ്രിൻസിപ്പൽ

കിഫ്ബിയുടെ ഫണ്ട് ഉപയോഗിച്ച് പുതുതായി പണികഴിപ്പിച്ച സർജിക്കൽ ബ്ലോക്കിലേക്ക് പൂർണ്ണമായും മാറുന്ന പ്രക്രിയ നടന്നു വരുന്നതിനിടയാണ് കോട്ടയം ഗവ. മെഡിക്കൽ കോളജിൽ നിലവിലെ 11,14,10 വാർഡുകളോട് ചേർന്നുള്ള ടോയ്‌ലറ്റ് കോംപ്ലക്‌സ് ഇടിഞ്ഞുവീണതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു.

ഈ കോംപ്ലക്സിന്റെ 11, 14 വാർഡുകളിൽ നിന്നുള്ള പ്രവേശനം പൂർണ്ണമായും നിരോധിച്ചിട്ടുള്ളതും നിലവിൽ ഉപയോഗത്തിലില്ലാത്തതുമാണെന്നും ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു. അപകടത്തിൽ ബിന്ദു (52 വയസ്സ്), ചേപ്പോത്തുകുന്നേൽ, ഉമ്മാൻകുന്ന് തലയോലപ്പറമ്പ് എന്നയാൾ മരിച്ചു. അലീന (11), അമൽ പ്രദീപ് (20), ജിനു സജി (38) എന്നിവർക്ക് സാരമില്ലാത്ത പരിക്കേൽക്കുകയും ചെയ്തു. എല്ലാ കിടപ്പു രോഗികളും പൂർണ്ണമായും സുരക്ഷിതരാണെന്നും ഡോ. വർഗീസ് പി. പുന്നൂസ് അറിയിച്ചു.

നിലവിൽ മേൽ വാർഡുകളിലെ കിടപ്പു രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റുകയും ഐ.സി.യു., ഓപ്പറേഷൻ തിയറ്റർ തുടങ്ങിയവ പുതുതായി പണി കഴിപ്പിച്ച സർജിക്കൽ ബ്ലോക്കിലേക്ക് മാറ്റി പ്രവർത്തനം തുടരാൻ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ്, സഹകരണ-ദേവസ്വം- തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ,ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നാംദേവ് ഖോബ്രാഗെഡെ, പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, സൂപ്രണ്ട് ഡോ. ടി.കെ.ജയകുമാർ തുടങ്ങിയവർ ഉടൻ തന്നെ സംഭവ സ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്കും തുടർ നടപടികൾക്കും നേതൃത്വം നൽകുകയും ചെയ്തു.

2025 മേയ് 30ന് ൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പു മന്ത്രി വീണാ ജോർജ്, സഹകരണ-ദേവസ്വം- തുറമുഖ വകുപ്പ് മന്ത്രി വി.എൻ വാസവൻ എന്നവിരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ പഴയ സർജിക്കൽ ബ്ലോക്ക് പൂർണ്ണമായും പുതിയ സർജിക്കൽ ബ്ലോക്കിലേക്ക് ജൂലൈ മാസം അവസാനത്തോടെ മാറ്റുവാൻ തീരുമാനിച്ചിരുന്നതാണ്. അതിനായുളള മാറ്റങ്ങൾ ധ്രുത ഗതിയിൽ നടന്നു വരുകയായിരുന്നു. കിഫ്ബി ഫണ്ടിൽ (194.29 കോടി) പുതുതായി പണി കഴിപ്പിച്ച സർജിക്കൽ ബ്ലോക്കിലേക്ക് പൂർണ്ണമായും വാർഡുകളും ഐ.സി.യു., ഓപ്പറേഷൻ തിയറ്റർ മാറ്റുന്ന പ്രക്രിയ പൂർത്തിയാക്കാൻ നിർദേശിക്കുകയും ചെയ്തതായി പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group