Join News @ Iritty Whats App Group

ഒദ്യോഗിക വിധിപകർപ്പ് കിട്ടി, വിശദാംശങ്ങൾ പങ്കുവച്ച് കാന്തപുരം; 'ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ നിമിഷ പ്രിയയുടെ വധശിക്ഷ നിർത്തി വച്ചിരിക്കുന്നു'

കോഴിക്കോട്: മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവച്ചെന്ന ഔദ്യോഗിക അറിയിപ്പ് കിട്ടിയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. യെമൻ കോടതിയുടെ വിധി പകർപ്പ് ഫേസ്ബുക്കിൽ പങ്കുവച്ചാണ് കാന്തപുരം വിവരം അറിയിച്ചത്. പ്രാർഥനകൾ ഫലം കാണുന്നവെന്നും നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചുകൊണ്ടുള്ള വിധിപ്പകർപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടുണ്ടെന്നുമാണ് കാന്തപുരം എഫി ബിയിൽ കുറിച്ചത്. ഇതിനു വേണ്ടി പ്രവർത്തിച്ച, പ്രാർഥിച്ച എല്ലാവർക്കും അല്ലാഹുവിന്റെ കരുണാകടാക്ഷമുണ്ടാകട്ടെയെന്നും അദ്ദേഹം കുറിച്ചു.
ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വധ ശിക്ഷ നിർത്തി വച്ചിരിക്കുന്നു എന്നാണ് വിധിപകർപ്പിൽ ഉള്ളത്. എന്നാൽ കേസ് ഇനി എന്ന് പരിഗണിക്കും എന്നും ഉത്തരവിൽ ഇല്ല. എന്നത്തേക്ക് മാറ്റി എന്നും ഉത്തരവിൽ ഇല്ല. നിമിഷ പ്രിയയുടെ കാര്യത്തിൽ തുടർന്നും ഇടപെടൽ നടത്തും എന്ന് കാന്തപുരം വ്യക്തമാക്കിയിട്ടുണ്ട്. കുടുംബവുമായി ദയ ദനത്തിൽ ചർച്ച നടക്കുന്നെന്നും കോടതിയിൽ അറിയിച്ചിരുന്നു. ഇതിൽ തീരുമാനം ആകുന്നത് വരെ വധശിക്ഷ നടപ്പിലാക്കരുത് എന്നായിരുന്നു ഹർജി നൽകിയത്. ഇത് അംഗീകരിച്ചാണ് കോടതി, വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവെച്ചതെന്നാണ് വിവരം.

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുകയായിരുന്നു നിമിഷപ്രിയ. നാളെയാണ് വധശിക്ഷ നടപ്പിലാക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് കാന്തപുരം മുസ്ലിയാരുടെ നേതൃത്വത്തിൽ യെമനിലെ മത പണ്ഡിതൻ വഴിയുള്ള ഇടപെടലുണ്ടായതും കോടതി, വധശിക്ഷ നീട്ടിവച്ചതും. സെയ്ദ് ഉമർ ഹഫീസ് എന്ന യെമൻ സുന്നി പണ്ഡിതൻ മുഖേനെയാണ് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളുമായി സംസാരിക്കാൻ നിമിഷപ്രിയ മോചന സഹായ സമിതിക്ക് അവസരം കിട്ടിയത്. വരും ദിവസങ്ങളിൽ കൂടുതൽ ചർച്ചകൾ നടക്കുമെന്നാണ് പ്രതീക്ഷയെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സഹായികൾ നേരത്തെ അറിയിച്ചിരുന്നു. തലാലിന്റെ കുടുംബവുമായി ബന്ധപ്പെടുവാൻ നേരത്തെ നിയമസഹായ സമിതിക്ക് കഴിഞ്ഞിരുന്നില്ല. തലാലിന്റെ സഹോദരനുമായി സംസാരിക്കാൻ കഴിഞ്ഞതിൽ പ്രതീക്ഷയുണ്ടെന്നും ചർച്ച തുടരുകയാണെന്നും കാന്തപുരം വിഭാ​ഗം അറിയിച്ചു.

2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group