Join News @ Iritty Whats App Group

‘ആരോഗ്യ മേഖലയെ താറടിക്കാനുള്ള മരണവ്യാപാരികളുടെ ആഭാസ നൃത്തത്തെ കേരളജനത നിരാകരിക്കും’; ആരോഗ്യവകുപ്പിനെതിരായ പ്രതിഷേധത്തില്‍ വിമര്‍ശനവുമായി ദേശാഭിമാനിയുടെ മുഖപ്രസംഗം

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിന് പിന്നാലെ ആരോഗ്യവകുപ്പിനെതിരെ ഉയർന്ന പ്രതിഷേധത്തെ സിമർശിച്ച് സിപിഐഎം മുഖപത്രം ദേശാഭിമാനി. മരണവ്യാപാരികളുടെ ആഭാസനൃത്തം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കോട്ടയം മെഡിക്കല്‍ കോളജിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും മരണത്തെ മാധ്യമങ്ങള്‍ പെരുപ്പിച്ചു കാണിച്ചുവെന്നും മുഖപ്രസംഗത്തിൽ കുറ്റപ്പെടുത്തുന്നു.

കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രചാരണത്തിന് തീവ്രതയേറ്റാനും അതിന്റെ പേരില്‍ പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങള്‍ക്ക് വീര്യമേറ്റാനും ഈ അപകടം കാരണമായി എന്നത് നിസ്തര്‍ക്കമായ കാര്യമെന്നും മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ സംഭവത്തെതുടര്‍ന്ന് മാധ്യമപിന്തുണയോടെ അരങ്ങേറുന്ന രാഷ്ട്രീയ നാടകങ്ങള്‍ ശ്രദ്ധിച്ചാല്‍, ഒമ്പതു വര്‍ഷംമുമ്പ് ഭരണം നഷ്ടപ്പെട്ടത് ഇനിയും അംഗീകരിക്കാന്‍ കഴിയാത്ത അധികാരദുര്‍മോഹികളുടെ ഗൂഢശ്രമങ്ങള്‍ കാണാംമെന്നും മുഖപ്രസംഗത്തിൽ വിമർശനം ഉണ്ട്.

പ്രധാനമായും രണ്ട് ലക്ഷ്യമാണ് ബഹളങ്ങള്‍ക്ക് പിന്നിലുള്ളത്. ഒന്ന്, കേരളത്തിലെ ആരോഗ്യരംഗം തകര്‍ന്നെന്ന് വരുത്തിത്തീര്‍ത്ത് രാഷ്ട്രീയ മുതലെടുപ്പ് നടത്തുക. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള സമരനാടക ങ്ങള്‍ക്കു പിന്നില്‍ മറ്റൊരു ഗൂഢാലോചനകൂടിയുണ്ട്. സൗജന്യ ചികിത്സ നല്‍കുന്ന ഇത്തരം ആതുരാലയങ്ങളെ തകര്‍ത്ത് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിനായി സാധുമനുഷ്യരെ എറിഞ്ഞുകൊടുക്കുകയെന്ന മനുഷ്യത്വഹീനമായ ലക്ഷ്യമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കോട്ടയം സംഭവത്തില്‍ മാധ്യമങ്ങളും പ്രതിപക്ഷവും എന്തെല്ലാം നെറികെട്ട ആക്ഷേപങ്ങളാണ് നിരത്തുന്നത്. രക്ഷാപ്രവര്‍ത്തനം വൈകി, അവശിഷ്ടങ്ങള്‍ക്കിടയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ പറഞ്ഞതാണ് മരണകാരണം എന്നിങ്ങനെ മാധ്യമങ്ങള്‍ ഒരു ഉത്തരവാദിത്വവുമില്ലാതെ എറിഞ്ഞുകൊടുക്കുന്ന വാര്‍ത്തകള്‍ ഏറ്റെടുത്ത് സമരം നടത്താനും വഴി സ്തംഭിപ്പിക്കാനും ആംബുലന്‍സ് തടയാനും കോണ്‍ഗ്രസിന്റെ മുന്‍മന്ത്രിയും എംഎല്‍എമാരുമടക്കം രംഗത്തുവന്നു.

മന്ത്രി വീണാ ജോര്‍ജിന്റെ ചോരയ്ക്കായി ദാഹിക്കുന്ന മാധ്യമക്കൂട്ടങ്ങളോടും പ്രതിപക്ഷ നേതാക്കളോടും ഒന്നു പറയട്ടെ, ഇത്തരം ഭീഷണികൊണ്ടും സമരാഭാസം കൊണ്ടുമൊന്നും തകര്‍ക്കാനാകില്ല, എല്‍ഡിഎഫ് സര്‍ക്കാരുകള്‍ പൊതുജനാരോഗ്യ മേഖലയില്‍ ഒമ്പതു വര്‍ഷംകൊണ്ട് നേടിയ നേട്ടങ്ങളെ. ഒറ്റപ്പെട്ട സംഭവം മുന്‍നിര്‍ത്തി കേരളത്തിന്റെ വിശ്രുതമായ പൊതുജനാരോഗ്യ മേഖലയെ താറടിക്കാനുള്ള മരണവ്യാപാരികളുടെ ആഭാസനൃത്തത്തെ കേരളത്തിലെ പ്രബുദ്ധ ജനത നിരാകരിക്കുകതന്നെ ചെയ്യുമെന്നും മുഖപ്രസംഗത്തിൽ വിമർശനം ഉണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group