ഇരിട്ടി: ബാരാപോള്‍ പദ്ധതിയുടെ കനാലില്‍ ഉണ്ടായ ചോർച്ച ഇന്നലെ കോഴിക്കോട് നിന്ന് എത്തിയ കെ.എസ്.ഇ.ബി സിവില്‍ വിഭാഗം ഉദ്യോഗസ്ഥർ ഗർത്തത്തില്‍ ഇറങ്ങി പരിശോധന നടത്തി .
ആറു മീറ്റർ ആഴവും നാലുമീറ്റർ വീതിയും ഏഴു മീറ്റർ നീളവുമുള്ള അഗാധ ഗർത്തത്തില്‍ ഇറങ്ങിയ സംഘം നടത്തിയ പരിശോധനയിലാണ് കനാലിന്റെ അടിയില്‍ നടന്നത് സോയില്‍ പൈപ്പിംഗ് ആണെന്ന് സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടുത്തെ മണ്ണ് പൂർണ്ണമായും ഒഴുകി പോയി വലിയ കല്ലുകള്‍ മാത്രമാണ് അവശേഷിച്ചിരിക്കുന്നത് .
കനാലിലെ വെള്ളം വറ്റിച്ചത് വലിയ അപകടമാണ് ഒഴിവായത് എന്നാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ നിരീക്ഷണം. ബാരാപോള്‍ കനാലിലെ ചോർച്ച സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന് ജിയോളജി വിഭാഗം നടത്തിയ പരിശോധനയിലും കണ്ടെത്തിയിരുന്നു. കനാലിന്റെ അടിത്തട്ടിനിടയില്‍ സോയില്‍ പൈപ്പിംഗ് പ്രതിഭാസത്തിലൂടെ മണ്ണ് ഇടിഞ്ഞു താഴ്ന്നതോടെ കനാലിന്റെ ഉപരിതലം കോണ്‍ക്രീറ്റോടുകൂടി ഇടിഞ്ഞുതാഴുകയുമാണ് ഉണ്ടായത് . അടുത്തയാഴ്ച വിദഗ്ദ്ധ സംഘം പരിശോധനയ്‌ക്കെത്തും. മുൻപ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ചോർച്ച അനുഭവപ്പെടുന്ന 500 മീറ്റർ ദൂരം 15 കോടി രൂപ ചെലവില്‍ പുനർനിർമ്മിക്കാൻ കെ.എസ്.ഇ.ബി സിവില്‍ വിഭാഗം പ്രപ്പോസല്‍ വെച്ചിരുന്നു. അതിനിടയിലാണ് കനാലില്‍ വലിയ ഗർത്തം രൂപപ്പെട്ടത്.
കോഴിക്കോട് കെ.എസ്.ഇ.ബി സിവില്‍ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.ടി അബ്ദുല്‍ കരീം, എക്സിക്യൂട്ടീവ് എൻജിനീയർ മണികണ്ഠൻ അസിസ്റ്റന്റ് എൻജിനീയർമാരായ ഡൈസണ്‍ ചന്ദന പി ഷിബു, എം.സി ഗിരീഷ് എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
Post a Comment