Join News @ Iritty Whats App Group

സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ജയില്‍ ശിക്ഷ ഉറപ്പ്; നിയമ നിര്‍മാണത്തിന് നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍

സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷ ഉറപ്പാക്കുന്ന നിയമ നിര്‍മാണവുമായി കര്‍ണാടക സര്‍ക്കാര്‍. നുണ പ്രചാരണത്തിന് 7 വര്‍ഷം തടവും 10 ലക്ഷം പിഴയുമാണ് ശിക്ഷയായി നല്‍കുക. കേസുകള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേക കോടതികളും സജ്ജമാക്കും. നീക്കത്തെ അനുകൂലിച്ചും എതിര്‍ത്തും വാദങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പിന്നാലെ ചര്‍ച്ച ചെയ്ത ശേഷമേ നിയമമാക്കൂ എന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി. 

മിസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഫേയ്ക് ന്യൂസ് ( പ്രൊഹിബിഷന്‍) ബില്‍ എന്നാണ് ബില്ലിന് പേര് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയ വാര്‍ത്തകളിലെ വസ്തുതാവിരുദ്ധമായ കാര്യങ്ങളെ കണ്ടെത്താന്‍ കമ്മിറ്റിയെ ചുമതലപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. എന്നാല്‍ ഏതാണ് വ്യാജവാര്‍ത്ത എന്ന് കണ്ടെത്തുന്നതില്‍ ഏതെങ്കിലും അധികാര കേന്ദ്രങ്ങളുടെ താത്പര്യങ്ങള്‍ പ്രതിഫലിച്ചേക്കുമോ എന്നാണ് ഒരു കൂട്ടമാളുകളുടെ സംശയം. മാധ്യമങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ നീക്കത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാകുമെന്നും എലിയെ പേടിച്ച് ഇല്ലം ചുടരുതെന്നുമാണ് വരുന്ന വിമര്‍ശനങ്ങള്‍.

വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള കമ്മിറ്റിയില്‍ കര്‍ണാടക സംസ്‌കാരിക, വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയാകും ചെയര്‍പേഴ്‌സണ്‍. നിയമസഭകളില്‍ നിന്നുള്ള രണ്ട് പ്രതിനിധികളും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളെ പ്രതിനിധീകരിച്ച് സര്‍ക്കാര്‍ നിയമിക്കുന്ന രണ്ട് പേരും കമ്മിറ്റിയിലുണ്ടാകും.

Post a Comment

Previous Post Next Post
Join Our Whats App Group