Join News @ Iritty Whats App Group

തിരുവഞ്ചൂർ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തുവിടണം; കണ്ണൂർ കോൺഗ്രസിൽ മാടായി കോളേജ് നിയമന വിവാദം വീണ്ടും പുകയുന്നു

കണ്ണൂർ: മാടായി കോളേജ് നിയമന വിവാദം കണ്ണൂർ കോൺഗ്രസിൽ വീണ്ടും പുകയുന്നു. പ്രശ്ന പരിഹാരത്തിന് കെപിസിസി നിയോഗിച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്‌ പുറത്ത് വിടണമെന്നാണ് ഒരു വിഭാഗത്തിന്‍റെ ആവശ്യം. അടുത്ത മാസം കുഞ്ഞിമംഗലത്ത് പ്രവർത്തക കണ്‍വെൻഷൻ വിളിച്ച് പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഇവർ.

പാർട്ടിയിലെ മുതിർന്ന നേതാവിനെതിരെ സ്വജനപക്ഷപാതവും അഴിമതിയുമടക്കമുളള ആരോപണങ്ങൾ. കോലം കത്തിച്ചും കൂട്ട രാജി നടത്തിയും പ്രതിഷേധം. ഒടുവിൽ വിഷയം തണുപ്പിക്കാൻ കെ പി സി സി നിയോഗിച്ച മൂന്നംഗ കമ്മീഷൻ. കണ്ണൂർ മാടായി കോളേജ് നിയമനത്തിൽ ഹൈക്കോടതി വരെ കയറിയ വിവാദം വീണ്ടും പുകയുകയാണ്.

കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകരുടെ പ്രശ്നങ്ങൾ പരിഹരിക്കാതെ കണ്ണൂർ ഡിസിസി പക്ഷം പിടിക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ പരാതി. നിയമന വിവാദം അന്വേഷിക്കാൻ വച്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട്‌ ഇതുവരെയും പുറത്തുവന്നിട്ടില്ല. പ്രാദേശിക നേതൃത്വവും ഡിസിസിയും ചർച്ചകൾ തുടരുന്നതിനിടെ പഴയ മണ്ഡലം പ്രസിഡന്‍റ് തന്നെ തുടരുവാൻ ഡിസിസി അനുവാദം നൽകിയതും പ്രവർത്തകരെ ചൊടിപ്പിച്ചു. പ്രതിഷേധം കടുപ്പിക്കാൻ അടുത്തമാസം അവസാനം പ്രവർത്തക കൺവെൺഷൻ വിളിക്കുമെന്ന് പ്രാദേശിക നേതാക്കൾ പ്രഖ്യാപിച്ചു കഴിഞ്ഞു.

എം കെ രാഘവൻ എംപിയുടെ ബന്ധുവായ സിപിഎം പ്രവർത്തകന് ഓഫീസ് അറ്റൻഡന്‍റായി നിയമനം നൽകിയതിലാണ് കണ്ണൂർ കോൺഗ്രസിൽ പ്രതിഷേധമുയർന്നത്. വിഷയത്തിൽ രാഘവനെ പിന്തുണയ്ക്കുന്ന കോളേജ് ഡയറക്ടർമാരെയും പ്രതിഷേധിച്ച നേതാക്കളെയും പാർട്ടി സസ്പെൻഡ് ചെയ്തെങ്കിലും തിരിച്ചെടുത്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിൽ നിൽക്കെ അവസാനിച്ചെന്ന് കരുതിയ തർക്കമാണ് പാർട്ടിക്ക് വീണ്ടും തലവേദനയാകുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group