ഗസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള ചര്‍ച്ചകള്‍ ഇസ്രായേല്‍ സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ വഴിമുട്ടുന്നതായി സൂചന. റഫ ഉള്‍പ്പെടെ ഗാസയുടെ ഏകദേശം 40 ശതമാനം പ്രദേശങ്ങളിലും സൈന്യത്തെ നിലനിര്‍ത്തണമെന്ന ഇസ്രായേലിന്റെ ആവശ്യമാണ് ചര്‍ച്ചകള്‍ക്ക് തടസമാവുന്നത്.
ഗസയില്‍ 57,000 ത്തിലധികം നിരപരാധികള്‍ കൊല്ലപ്പെടാനിടയാക്കിയ,21 മാസമായി തുടരുന്ന ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ദോഹയില്‍ വെടിനിര്‍ത്തല്‍ കരാറിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത്.ഗസയില്‍ നിന്നുള്ള ഇസ്രായേലിന്റെ പൂര്‍ണമായ പിന്‍മാറ്റം,60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍,ഗാസയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള തടസ്സപ്പെടാത്ത മാനുഷിക സഹായം എത്തിക്കല്‍ എന്നീ പ്രധാന വിഷയങ്ങള്‍ മുന്‍നിര്‍ത്തിയാണ് ചര്‍ച്ചകള്‍ ആരംഭിച്ചത്.മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിന്റെയും ഈജിപ്തിന്റെയും അമേരിക്കയുടെയും നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ ഹമാസ് മുന്നോട്ടുവെച്ച പല നിബന്ധനകളിലും പിന്നീട് അയവുണ്ടായെങ്കിലും ഗസയില്‍ നിന്നും പൂര്‍ണമായും സൈന്യത്തെ പിന്‍വലിക്കണമെന്ന നിലപാടില്‍ ഹമാസും, റഫ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സൈനിക സാന്നിധ്യം തുടരുമെന്നുള്ള ഇസ്രായേലിന്റെ കടുംപിടുത്തവും ചര്‍ച്ചകളെ വഴിമുട്ടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
യുഎസിന്റെ പിന്തുണയോടെ,60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറില്‍ പല ഘട്ടങ്ങളിലായുള്ള തടവുകാരുടെ കൈമാറ്റവും ദീര്‍ഘകാല കരാറിലേക്കുള്ള ചര്‍ച്ചകളും ഉള്‍പെടുന്നുണ്ട്.എന്നാല്‍ ഇക്കാര്യങ്ങളിലും അനിശ്ചിതത്വം തുടരുന്നുണ്ട്.ഹമാസിനെ നിരായുധീകരിക്കുന്നതു സംബന്ധിച്ച് കരാറില്‍ വ്യവസ്ഥ വേണം എന്നതാണ് ഇസ്രായേല്‍ മുന്നോട്ടു വെച്ച പ്രധാന ഉപാധി. എന്നാല്‍ നിരായുധീകരണം ഒരു നിലക്കും അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഹമാസ്.
പലസ്തീനികളെ മുഴുവന്‍ റഫയിലെ പ്രത്യേക ക്യാമ്പിലേക്ക് ഒതുക്കി ഭാവിയില്‍ മറ്റെവിടെയെങ്കിലും പുനരധിവസിപ്പിക്കാനാണ് അമേരിക്കയുമായി ചേര്‍ന്നുള്ള ഇസ്രായേലിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്. വടക്കന്‍ ഗസ്സയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാന്‍ ഇസ്രായേല്‍ സേന ഇന്നലെ വീണ്ടും ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.ഹമാസിനെ നിരായുധീകരിക്കാന്‍ നയതന്ത്രത്തിലൂടെ കഴിയുന്നില്ലെങ്കില്‍, ബലപ്രയോഗത്തിലൂടെ അത് സാധ്യമാക്കുമെന്നാണ് വ്യാഴാഴ്ച വാഷിംഗ്ടണില്‍ കൊല്ലപ്പെട്ട രണ്ട് ഇസ്രായേലി എംബസി ജീവനക്കാരുടെ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് നെതന്യാഹു പറഞ്ഞത്.
Post a Comment