Join News @ Iritty Whats App Group

കൊവിഡ് വാക്സിനും പെട്ടെന്നുള്ള മരണങ്ങളും: ആരോഗ്യ മന്ത്രാലയ വിശദീകരണം, പിന്നാലെ കർണാടക മുഖ്യമന്ത്രിയുടെ മറുപടി

ബെംഗളൂരു: കൊവിഡ് വാക്സിൻ വികസനത്തിന് പിന്നിലെ ശാസ്ത്രത്തെ അംഗീകരിക്കാതെ പഴഞ്ചൻ കുറ്റപ്പെടുത്തലുകളിൽ ഏർപ്പെടരുതെന്ന ബയോകോൺ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷായുടെ വിമർശനത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . "ഉത്തരം തേടുന്നത് പഴഞ്ചൻ കുറ്റപ്പെടുത്തലല്ല. ഓരോ ജീവനും വിലമതിക്കുന്ന ഒരു സർക്കാരിൻ്റെ കടമയാണത്' എന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു.

തന്റെ പ്രസ്താവന ശാസ്ത്രവിരുദ്ധമല്ലെന്നും, ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയുള്ള ജാഗ്രതാ നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. കൊവിഡ് വാക്സിനുകളെക്കുറിച്ച് ഉയർന്നുവന്ന ആശങ്കകൾ ജനങ്ങൾക്കിടയിൽ ചർച്ചയാകുന്ന സാഹചര്യത്തിൽ, കൂടുതൽ വ്യക്തത വരുത്തേണ്ടതിന്റെ ആവശ്യകതയാണ് തന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. "ശാസ്ത്രത്തിനെതിരല്ല, മറിച്ച് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ഞാൻ വിനിയോഗിക്കുന്നത്," എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൊവിഡ്-19 വാക്സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എഐഐഎംഎസ്) എന്നിവയുടെ വിശദമായ പഠനങ്ങൾ വാക്സിനുകളും ഹൃദയാഘാത മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് തെളിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ഐസിഎംആറും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾഎൻസിഡിസി നടത്തിയ പഠനങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്ന കൊവിഡ്-19 വാക്സിനുകൾ സുരക്ഷിതവും ഫലപ്രദവുമാണെന്ന് സ്ഥിരീകരിക്കുന്നു. ഈ വാക്സിനുകൾ മൂലമുണ്ടാകുന്ന ഗുരുതരമായ പാർശ്വഫലങ്ങൾ അത്യപൂർവമാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു. കൊവിഡ് വാക്സിനേഷൻ രാജ്യവ്യാപകമായി നടപ്പാക്കിയതിനു ശേഷം, ലക്ഷക്കണക്കിന് ആളുകൾക്ക് വാക്സിൻ നൽകിയിട്ടുണ്ട്, എന്നാൽ പ്രതികൂല ഫലങ്ങൾ വളരെ കുറഞ്ഞ തോതിൽ മാത്രമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങൾക്ക് വാക്സിനുകളല്ല, മറിച്ച് മറ്റ് നിരവധി ഘടകങ്ങൾ കാരണമാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. ജനിതക ഘടകങ്ങൾ, ജീവിതശൈലി, നേരത്തെയുള്ള ആരോഗ്യപ്രശ്നങ്ങൾ, കോവിഡ് രോഗത്തിനു ശേഷമുള്ള സങ്കീർണതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കോവിഡ് മഹാമാരിക്ക് ശേഷം, ചില വ്യക്തികളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി വൈദ്യശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്, എന്നാൽ ഇത് വാക്സിനുമായി ബന്ധപ്പെട്ടല്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

കൊവിഡ്-19 വാക്സിനേഷൻ ആരംഭിച്ചതിനു ശേഷം, ഇന്ത്യയിൽ കോവിഷീൽഡ്, കോവാക്സിൻ തുടങ്ങിയ വാക്സിനുകൾ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ, അടുത്തിടെ ചില പ്രദേശങ്ങളിൽ പെട്ടെന്നുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് വാക്സിനുകളുമായി ബന്ധപ്പെടുത്തി ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയും കേന്ദ്ര സർക്കാരിന്റെ പ്രതികരണവും ശ്രദ്ധേയമായത്. ജനങ്ങളോട് ശാസ്ത്രീയ തെളിവുകളിൽ വിശ്വസിക്കാനും വാക്സിനുകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു. കൊവിഡ്-19നെതിരായ പോരാട്ടത്തിൽ വാക്സിനുകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്നും, ഇന്ത്യയുടെ വാക്സിനേഷൻ പ്രോഗ്രാം ലോകത്തിനു തന്നെ മാതൃകയാണെന്നും മന്ത്രാലയം അവകാശപ്പെട്ടു.

കിരൺ മജുംദാർ-ഷായുടെ ട്വീറ്റ്

ബയോകോൺ എക്സിക്യൂട്ടീവ് ചെയർപേഴ്സൺ കിരൺ മജുംദാർ-ഷാ, സിദ്ധരാമയ്യയുടെ പ്രസ്താവനയെ "വസ്തുതാപരമായി തെറ്റ്" എന്ന് വിമർശിച്ച് എക്സിൽ ഒരു പോസ്റ്റ് പങ്കുവച്ചു. "ഇന്ത്യയിൽ വികസിപ്പിച്ച കൊവിഡ് വാക്സിനുകൾ, ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് എമർജൻസി യൂസ് ഓതറൈസേഷൻ (ഇയുഎ) ചട്ടക്കൂടിന് കീഴിൽ അംഗീകരിക്കപ്പെട്ടവയാണ്. 'ധൃതിയിൽ' അംഗീകരിച്ചുവെന്ന് പറയുന്നത് വസ്തുതാപരമായി തെറ്റാണ്, ഇത് പൊതുജനങ്ങളിൽ തെറ്റിദ്ധാരണ പരത്തും" അവർ ട്വീറ്റ് ചെയ്തു.

ഈ വാക്സിനുകൾ ലക്ഷക്കണക്കിന് ജീവനുകൾ രക്ഷിച്ചിട്ടുണ്ട്. എല്ലാ വാക്സിനുകളെയും പോലെ, വളരെ ചുരുക്കം വ്യക്തികളിൽ മാത്രമാണ് പാർശ്വഫലങ്ങൾ ഉണ്ടാകുന്നത്. പിന്നോട്ട് നോക്കി കുറ്റപ്പെടുത്തുന്നതിന് പകരം വാക്സിനുകളുടെ വികസനത്തിന് പിന്നിലെ ശാസ്ത്രീയമായ പ്രക്രിയകളെ അംഗീകരിക്കേണ്ടത് പ്രധാനമാണെന്നും അവർ കൂട്ടിച്ചേർത്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group