Join News @ Iritty Whats App Group

‘കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റം’; വിമർശിച്ച് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍

കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. ഇത്തരം സംഭവങ്ങള്‍ ആഗോള തലത്തില്‍ ഇന്ത്യക്കുള്ള യശസ്സ് അപകീര്‍ത്തിപ്പെടുത്താന്‍ കാരണമായേക്കുമെന്ന് പറഞ്ഞ കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ രാജ്യത്തെ ബഹുസ്വരതയും മതേതരത്വവും സഹവര്‍ത്തിത്വവും കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്നു എന്നത് അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണെന്നും പറഞ്ഞു.

ഛത്തീസ്ഗഢില്‍ ട്രെയിന്‍ യാത്രക്കിടെ മതപരിവര്‍ത്തനം, മനുഷ്യക്കടത്ത് എന്നിവയാരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ ആള്‍കൂട്ട വിചാരണക്കും അക്രമത്തിനും ഇരയായ സംഭവം ഇക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലെ സംഭവമാണെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ചൂണ്ടിക്കാട്ടി. ജീവിക്കാനും മത സ്വാതന്ത്രത്തിനും താമസിക്കാനും സഞ്ചരിക്കാനും ജനാധിപത്യ മതേതരത്വ രാജ്യത്തെ ഭരണഘടന അനുവദിക്കുന്ന മൗലിക അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ് ഈ സംഭവങ്ങളെല്ലാമെന്നും കാന്തപുരം പറഞ്ഞു.

ഭരണപരമായ സൗകര്യമെന്നതിലുപരി സംസ്ഥാന അതിര്‍ത്തികള്‍ പഠനത്തിനും ജോലിക്കും യാത്രക്കും തടസ്സമാവുന്ന സാഹചര്യം രൂപപ്പെട്ടുകൂടാ. ഉത്തരേന്ത്യയില്‍ നിന്ന് കേരളത്തിലെ യതീംഖാനകളിലേക്ക് പഠിക്കാന്‍ വന്ന പാവപെട്ട വിദ്യാര്‍ഥികളെ മനുഷ്യക്കടത്തിന്റെ പേരില്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും പഠനം നിഷേധിക്കുകയും ചെയ്ത സംഭവം ഈ വേളയില്‍ ഓര്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന നിയമവിരുദ്ധ-ആള്‍ക്കൂട്ട അതിക്രമങ്ങള്‍ നമ്മുടെ രാജ്യത്തിന്റെ പാരമ്പര്യത്തെയും ഐക്യത്തെയും സാഹോദര്യത്തെയുമാണ് കളങ്കപ്പെടുത്തുന്നതെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group