Join News @ Iritty Whats App Group

ശുഭാംശു ശുക്ല ഫുള്‍ ഫിറ്റ്; ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്ന് ഐഎസ്ആര്‍ഒ, ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി

ഹൂസ്റ്റണ്‍: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയില്‍ തിരിച്ചെത്തിയ ആക്സിയം 4 യാത്രികന്‍ ശുഭാംശു ശുക്ല ആരോഗ്യവാനെന്ന് ഐഎസ്ആർഒ. ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റനായ ശുഭാംശുവിന് ബഹിരാകാശ യാത്രയ്ക്ക് ശേഷം ശാരീരികമോ മാനസികമോ ആയ പ്രയാസങ്ങളൊന്നുമില്ല എന്ന് ഇസ്രൊ സ്ഥിരീകരിച്ചു. ശുഭാംശു ശുക്ലയുടെ ആദ്യഘട്ട പരിശോധനകളും ഡീ ബ്രീഫിംഗും പൂർത്തിയായി. ഇപ്പോൾ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്‍ററിലാണ് ശുഭാംശു ഉള്ളത്. ശുഭാംശുവിന്‍റെ കുടുംബവും, ബാക്കപ്പായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായരും ഒപ്പമുണ്ട്.

ഹൂസ്റ്റണില്‍ ഐഎസ്ആർഒയുടെ ഫ്ലൈറ്റ് സ‍ർജനും നാസയിലെ വിദഗ്‌ധർക്കൊപ്പം ശുഭാംശു ശുക്ലയെ നിരീക്ഷിക്കുന്നു. ഭാവി ഗഗൻയാൻ ദൗത്യങ്ങളുടെ സമയത്ത് ഇസ്രൊയ്ക്ക് ഈ സഹകരണവും ഗുണം ചെയ്യും. അതേസമയം, ആക്സിയം 4 യാത്രയിലുണ്ടായിരുന്ന പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി യൂറോപ്പിലേക്ക് മടങ്ങി. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ ജർമ്മനയിലെ ആസ്ട്രനോട്ട് പരിശീലന കേന്ദ്രത്തിലാണ് സ്ലാവോസിന്‍റെ തുടർ പരിശോധനകൾ. മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരായിരുന്നു ആക്സിയം 4 ദൗത്യത്തിലുണ്ടായിരുന്ന മറ്റംഗങ്ങള്‍.

ചരിത്രമെഴുതിയ യാത്ര

ജൂൺ 26-നാണ് ആക്സിയം 4 സ്വകാര്യ ബഹിരാകാശ ദൗത്യ സംഘം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. നിലയത്തില്‍ ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂർത്തിയാക്കാൻ ആക്സിയം 4 സംഘത്തിന് കഴിഞ്ഞു. കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം നിരവധി ഗവേഷണങ്ങള്‍ ഐഎസ്എസില്‍ ശുഭാംശു ശുക്ലയുടെ മേല്‍നോട്ടത്തില്‍ നടന്നു. ബഹിരാകാശത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരന്‍, അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യക്കാരന്‍ എന്നീ നേട്ടങ്ങള്‍ ഈ യാത്രയില്‍ ശുഭാംശു ശുക്ല സ്വന്തമാക്കി. രാകേഷ് ശര്‍മ ബഹിരാകാശത്തെത്തിയതിന് നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഒരിന്ത്യക്കാരന്‍ ഭൂമിയുടെ അതിര്‍ത്തികള്‍ ഭേദിച്ച് പറന്നത്.

പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്സിയം 4 സംഘം കഴിഞ്ഞ ജൂലൈ 15ന് ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3:01നാണ് കാലിഫോര്‍ണിയ തീരത്ത് സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്തത്. ഇതിന് ശേഷം ഈ നാലംഗ ദൗത്യ സംഘത്തെ ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്‍ററിലേക്ക് പോസ്റ്റ്-ഫ്ലൈറ്റ് റീഹാബിലിറ്റേഷനായി കൊണ്ടുപോവുകയായിരുന്നു. ശുഭാംശു ഓഗസ്റ്റ് മാസത്തിലാവും ഇന്ത്യയിലേക്ക് മടങ്ങിയെത്തുക.

Post a Comment

Previous Post Next Post
Join Our Whats App Group