കോഴിക്കോട്: സഹോദരന്‍റെ വിവാഹത്തിന് ബിരിയാണി വെക്കാനെന്ന് പറഞ്ഞ് വാടകക്കെടുത്ത ബിരിയാണി ചെമ്പും ഉരുളിയും ആക്രിക്കടയില്‍ വിറ്റ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞു. താമരശ്ശേരിയില്‍ വാടകക്ക് താമസിക്കുന്ന യുവാവാണ് വിദഗ്ധമായി മോഷണം നടത്തിയത്. കോഴിക്കോട് താമരശ്ശേരി പരപ്പന്‍ പൊയിലിലെ ഒ കെ സൗണ്ട്സ് എന്ന വാടക സ്റ്റോറില്‍ നിന്നുമാണ് യുവാവ് തന്ത്രപരമായി പാത്രങ്ങള്‍ കടത്തിയത്.
ബിരിയാണി വെക്കാന്‍ ചെമ്പും ഉരുളിയും വാടക്ക് വേണം. കൂടെ രണ്ട് പാത്രങ്ങളും .. പരപ്പന്‍ പൊയിലിലെ ഒകെ സൗണ്ട്സ് വാടക സ്റ്റോറിലെ ജീവനക്കാരോട് യുവാവ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ സംശയമൊന്നും തോന്നിയില്ല.ബിരിയാണി വെക്കാന്‍ അലൂമിനിയത്തിന്‍റെ വലിയ പാത്രം പോരേയെന്ന് ചോദിച്ചപ്പോള്‍ ദം ബിരിയാണി വെക്കാന്‍ ചെമ്പാണ് നല്ലതെന്ന് മറുപടിയും പറഞ്ഞു. അങ്ങനെ ഗുഡ്സ് ഓട്ടോയും വിളിച്ച് ചെമ്പും ഉരുളിയും ചട്ടുകവുമെല്ലാമായി കഴിഞ്ഞ ഞായറാഴ്ച പോയ യുവാവ് പിന്നെ മടങ്ങി വന്നില്ല.
യുവാവ് നല്‍കിയ മൊബൈല്‍ നമ്പര്‍ സ്വിച്ചോഫാണെന്ന് മനസിലായതോടെ വാടക സ്റ്റോര്‍ ജീവനക്കാര്‍ അന്വേഷണം തുടങ്ങി. ആറര കിലോമീറ്റര്‍ അകലെയുള്ള പൂനൂരിലെ ആക്രിക്കടയില്‍ സാധനം വിറ്റ് യുവാവ് മുങ്ങിയതാണെന്ന് മനസിലായതോടെയാണ് താമരശ്ശേരി പൊലീസില്‍ പരാതി നൽകിയത്. രണ്ടു ബിരിയാണി ചെമ്പും, രണ്ട് ഉരുളിയും ഉള്‍പ്പെടെ നാല്‍പ്പതിനായിരത്തിലധികം രൂപയുടെ സാധനമാണ് യുവാവ് കടത്തിയത്. പൊലീസ് നിര്‍ദേശത്തെത്തുടര്‍ന്ന് ആക്രിക്കടയുടമ ചെമ്പും പാത്രങ്ങളും വാടക് സ്റ്റോര്‍ ഉടമകക്ക് തിരികെ നല്‍കി.
Post a Comment