Join News @ Iritty Whats App Group

അപകടത്തിൽ വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞു; തലയ്ക്ക് ഗുരുതര പരുക്ക്, ബിന്ദുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയ്ക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം. അപകടത്തിൽ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു. വാരിയെല്ലുകൾ പൂർണമായും ഒടിഞ്ഞെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശം , ഹൃദയം , കരൾ ഉൾപ്പെടെ ആന്തരിക അവയങ്ങൾക്ക് അപകടത്തിൽ ഗുരുതരമായി ക്ഷതമേറ്റിട്ടുണ്ട്.

മകളുടെ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിൽ കൂട്ടിരിക്കാനായി എത്തിയതായിരുന്നു ബിന്ദു. വ്യഴാഴ്ച രാവിലെ 10.30ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ പഴയ കെട്ടിടത്തിലെ 14-ാം വാർഡിന്റെ ശുചിമുറിയുടെ ഭാ​ഗമാണ് ഇടിഞ്ഞുവീണത്. കെട്ടിടം വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പിന്നീട് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ബിന്ദുവിനെ മണിക്കൂറുകൾ കഴിഞ്ഞാണ് പുറത്തെടുത്തത്. ശരീരത്തിൽ കോൺക്രീറ്റ് കഷ്ണങ്ങൾ വന്നു വീഴുകയായിരുന്നു.

അതേസമയം, ബിന്ദുവിന്റെ സംസ്കാരം ഇന്ന് തലയോലപ്പറമ്പിലുള്ള വീട്ടിൽ നടന്നു. നിരവധിയാളുകളാണ് അവസാനമായി ബിന്ദുവിനെ കാണാനും അന്ത്യോപചാരം അർപ്പിക്കാനുമായി എത്തിയത്. വിഷയത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ആദ്യമായി പ്രതികരിക്കുകയും ചെയ്തു. . ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖം എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മെഡിക്കല്‍ കോളജില്‍ ഉണ്ടായ അപകടത്തില്‍ ബിന്ദു മരണമടഞ്ഞ സംഭവം വേദനിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group