സ്‌കൂളുകളില്‍ നടപ്പാക്കുന്ന സൂംബക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി കെ അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്‌തതിൽ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. അഷ്‌റഫ് മാഷിനെതിരെയുള്ള നടപടിയെ ശക്തമായി എതിർക്കുന്നു.
കാഫിർ സ്ക്രീൻ ഷോര്ട്ട് പ്രചരിപ്പിച്ചവരെ പിടികൂടാൻ ഈ ആവേശം കണ്ടില്ല. ഒരു മതസംഘടന നേതാവ് എന്നുള്ള നിലക്ക് തന്റെ ആശങ്ക അറിയിക്കുകയാണ് ചെയ്തതെന്നും പി കെ ഫിറോസ് വ്യക്തമാക്കി. ഇവിടെ ഒരാൾക്ക് അഭിപ്രായം പറയാൻ കഴിയില്ല എന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. ജനാതിപത്യപരമായി ഒരാൾക്ക് അഭിപ്രായം പറയാൻ അവകാശം ഉണ്ടെന്നും ഫിറോസ് പറഞ്ഞു.
ഓരോ നിമിഷവും തകർന്നുകൊണ്ടിരിക്കുന്ന മേഖലയായി ആരോഗ്യ മേഖല മാറി. മിക്ക മന്ത്രിമാർക്കും ജനങ്ങൾക്കിടാൻ തീരുമാനിച്ചാൽ പൂജ്യം മാർക്കായിരിക്കും. പൂജ്യത്തിലും താഴെ മാർക്ക് ലഭിക്കുക ആരോഗ്യമന്ത്രിക്കാണ്. ശൈലജ ടീച്ചറെ ഒതുക്കാനാണ് പിണറായി ആരോഗ്യം വീണ ജോർജിന് നൽകിയതെന്നും ഫിറോസ് ആരോപിച്ചു.
ഭസ്മാസുരന് വരം നൽകിയത് പോലെയാണ് ആരോഗ്യവകുപ്പ് വീണാ ജോർജിന് നൽകിയപ്പോഴുള്ള അവസ്ഥ. ആശുപത്രിയാകുമ്പോൾ പഞ്ഞിയും നൂലും കുറയും എന്നാണ് സജി ചെറിയാൻ പറഞ്ഞത്. പിന്നെ കുന്തവും കുടച്ചക്രവും ഉപയോഗിച്ചാണോ ശാസ്ത്രക്രിയ നടത്തുകയെന്നും ഫിറോസ് വിമർശിച്ചു.
ഡോക്ടർമാരുടെ വായമൂടിക്കെട്ടിയാൽ സത്യം പുറത്തു വരില്ല എന്നാണോ സർക്കാർ കരുതുന്നത്. കോഴിക്കോട് മെഡിക്കൽ കോളജിൽ തീപിടുത്തം ഉണ്ടായിട്ട് നാളുകൾ ഏറെയായി. ഇന്നുവരെ റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. ഹർഷിന എത്ര വർഷമായി ചികിത്സ പിഴവിന്റെ ദുരിതം അനുഭവിക്കുന്നു.
സ്വകാര്യ ലോബിയെ സഹായിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വകാര്യ ആശുപത്രികൾ സംസ്ഥാനത്ത് കൂണുപോലെ മുളച്ചു പൊന്തുന്നു. ഡോക്ടർമാരുടെ വായ മൂടിക്കെട്ടുന്നതുപോലെ ജനങ്ങളുടെ വായമൂടി കെട്ടാൻ സർക്കാരിനാവില്ലെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു.
Post a Comment