Join News @ Iritty Whats App Group

‘കേരള’യില്‍ പോര്; കെഎസ് അനില്‍കുമാര്‍ ഒപ്പിട്ട ഫയലുകള്‍ തിരിച്ചയച്ച് മോഹനന്‍ കുന്നുമ്മല്‍; രജിസ്ട്രാര്‍ക്കെതിരെ വൈസ് ചാന്‍സലര്‍ ഗവര്‍ണറെ സമീപിച്ചു

കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിനെതിരെ ഗവര്‍ണറെ സമീപിച്ച് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. സസ്‌പെന്‍ഷന്‍ മറികടന്ന് ഇന്നലെ രജിസ്ട്രാര്‍ സര്‍വകലാശാലയില്‍ എത്തിയത് ചാന്‍സലറെ അറിയിച്ചു. രജിസ്ട്രാറുടെ ഔദ്യോഗിക വാഹനം പിന്‍വലിക്കുന്നതിലെ സാധ്യതയും വൈസ് ചാന്‍സിലര്‍ പരിശോധിക്കുന്നു.

അതേസമയം, വൈസ് ചാന്‍സിലറുടെയും സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങളുടെയും എതിര്‍പ്പ് മറികടന്ന് രജിസ്ട്രാര്‍ ഡോക്ടര്‍ കെ എസ് അനില്‍കുമാര്‍ ഇന്നും കേരളാ സര്‍വകലാശാലയിലെത്തി. വിവാദങ്ങളില്‍, വരട്ടെ നോക്കാം എന്നായിരുന്നു കെ എസ് അനില്‍കുമാറിന്റെ പ്രതികരണം.

കേരളാ സര്‍വകലാശാലയിലെ ഭരണപ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയാണ്. രജിസ്ട്രാര്‍ ഡോക്ടര്‍ കെ എസ് അനില്‍കുമാര്‍ ഒപ്പിട്ട ഫയലുകള്‍ വൈസ് ചാന്‍സിലര്‍ ഡോക്ടര്‍ മോഹനന്‍ കുന്നുമ്മല്‍ തിരിച്ചയച്ചു. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എന്ന നിലയില്‍ ഡോ. മിനി കാപ്പന്‍ അയച്ച ഫയലുകള്‍ അംഗീകരിച്ചു.
സര്‍വകലാശാലയില്‍ കേന്ദ്രസേനയുടെ സുരക്ഷയൊരുക്കണമെന്ന് സിന്‍ഡിക്കേറ്റിലെ ബിജെപി അംഗങ്ങളുടെ ആവശ്യം. ഇതടക്കം സൂചിപ്പിച്ച് ബിജെപി അംഗങ്ങള്‍ കോടതിയെ സമീപിക്കും.

വിലക്ക് ലംഘിച്ച് കേരള സര്‍വകലാശാലയില്‍ പ്രവേശിച്ച രജിസ്ട്രാര്‍ക്കെതിരെ ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിസിക്ക് പരാതി നല്‍കിയിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥന്‍ ഓഫീസ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നത് ഗുരുതരമായ ചട്ടലംഘനമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സര്‍വകലാശാലയുടെയും വിദ്യാര്‍ഥികളുടെയും രേഖകള്‍ നശിപ്പിക്കാനോ കടത്തിക്കൊണ്ടു പോകാനോയുള്ള സാധ്യത നിലനില്‍ക്കുന്നുവെന്നാണ് ആരോപണം.

Post a Comment

Previous Post Next Post
Join Our Whats App Group