Join News @ Iritty Whats App Group

നിമിഷപ്രിയയുടെ മോചനം: ശുഭ സൂചന; തലാലിന്റെ കുടുംബം ചര്‍ച്ചകളോട് സഹകരിച്ചുതുടങ്ങി

യെമന്‍ ജയിലിലുള്ള നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച ചര്‍ച്ചകളില്‍ ശുഭസൂചനകള്‍. ചര്‍ച്ചകളോട് കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബം സഹകരിച്ച് തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് സൂഫി പണ്ഡിതരാണ് ഈ കുടുംബത്തോട് സംസാരിച്ചത്. 

കുടുംബത്തിന്റെ ഏകീകരണം ഉറപ്പുവരുത്താനാണ് ശ്രമങ്ങള്‍ നടക്കുന്നത്. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തിലെ വലിയൊരു വിഭാഗവും ചര്‍ച്ചകളോടും നിര്‍ദേശങ്ങളോടും സഹകരിക്കുന്നുവെന്നാണ് വിവരം. എന്നാല്‍ കുടുംബത്തിലെ യുവാക്കളുടെ ചെറിയ വിഭാഗം ഇപ്പോഴും ഇടഞ്ഞുതന്നെയാണ്. കുടുംബത്തിലെ ഭൂരിപക്ഷത്തിന്റേയും സഹകരണം ലഭിച്ചുതുടങ്ങിയ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളില്‍ എല്ലാവരില്‍ നിന്നും സഹകരണം നേടിയെടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കുടുംബം മോചനദ്രവ്യം സ്വീകരിച്ച് നിമിഷപ്രിയയ്ക്ക് മാപ്പുകൊടുക്കാന്‍ തയ്യാറായാല്‍ മാത്രമേ വധശിക്ഷ ഒഴിവാകുകയുള്ളൂ.


ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദല്‍ഫെത്താ മെഹ്ദി മുന്‍പ് ബിബിസിയോട് പ്രതികരിച്ചിരുന്നു. ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ കുറഞ്ഞൊന്നുമില്ല. തലാലിന്റെ ക്രൂരമായ കൊലപാതകംകൊണ്ട് മാത്രമല്ല, ദീര്‍ഘമായ നിയമനടപടികളാലും കുടുംബം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. കുറ്റകൃത്യത്തെ ന്യായീകരിക്കുകയും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. എത്രവലിയ കാരണത്താലായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും സഹോദരന്‍ ബിബിസി അറബിക്കിനോട് പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group