Join News @ Iritty Whats App Group

കോട്ടയം മെഡി. കോളജ് അപകടം:’കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത് ഞാന്‍’; ഡോ. ടി.കെ ജയകുമാര്‍

കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തില്‍ കെട്ടിടത്തില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന വിവരം മന്ത്രിയെ അറിയിച്ചത് ഞാനെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍. അപകട സമയത്ത് മുഖ്യമന്ത്രിയുടെ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കുകയായിരുന്നെന്നും വിവരമറിഞ്ഞയുടന്‍ ഓടി വരികയായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. 

മണ്ണിനടിയില്‍ ആരും അകപ്പെട്ടിട്ടില്ലെന്ന് മന്ത്രിയോട് പറഞ്ഞത് ഞാന്‍ തന്നെയാണ്. സംഭവം അറിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ യോഗത്തില്‍ നിന്ന് ഞങ്ങള്‍ തിരിച്ചു വന്നു. സര്‍ജിക്കല്‍ ബ്ലോക്ക് തകര്‍ന്നു എന്നാണ് ആദ്യം അറിയുന്നത്. വളരെയധികം ടെന്‍ഷനോടെയാണ് വന്നത്. താഴത്തെ രണ്ട് നിലകള്‍ അടച്ചിട്ടിരുന്നതാണ്. ഒരു ടോയ്‌ലറ്റ് കോംപ്ലക്‌സ് മാത്രമേ തകര്‍ന്നിട്ടുള്ളു എന്നാണ് വന്നപ്പോള്‍ കണ്ടത്. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉള്‍പ്പടെ അവിടെ ഉണ്ടായിരുന്നു. അവരോട് സംസാരിച്ചു. ആശുപത്രിക്ക് ഒരു ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കമ്മറ്റിയുണ്ട്. അതിന്റെ കമാന്റായി ആര്‍എംഒയും മറ്റ് ജീവനക്കാരുമുണ്ട്. അവര്‍ പെട്ടന്ന് തന്ന വിവരമാണ് കെട്ടിടത്തിനടിയില്‍ ആരുമില്ല എന്നത്. ഞങ്ങള്‍ അത് മന്ത്രിയുമായി പങ്കുവച്ചു. അത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നീട് വലിയ വിവാദമായി. ആരാണ് പറഞ്ഞത് എന്ന ചോദ്യമുയര്‍ന്നപ്പോള്‍ ഞാന്‍ ആണ് എന്ന് പറയേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. അത് പറഞ്ഞു. ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ ഒരു വിഷമവുമില്ല – അദ്ദേഹം വ്യക്തമാക്കി.

തന്റെ പ്രൊഫഷണല്‍ ജീവിതത്തെ കുറിച്ചും അദ്ദേഹം മനസുതുറന്നു. 2000 തൊട്ട് താന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു. ഹൃദയവുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളുടെ ചിലവ് സാധാരണക്കാര്‍ക്ക് താങ്ങാന്‍ കഴിയാത്തതാണ്. എല്ലാവര്‍ താങ്ങാന്‍ കഴിയുന്ന നിലയിലേക്ക് എത്തിക്കുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയാക് സര്‍ജറി വിഭാഗം വര്‍ഷത്തില്‍ രണ്ടായിരത്തോളം സര്‍ജറികള്‍, അതിസങ്കീര്‍ണമായവ ഉള്‍പ്പടെ ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിച്ചുവെന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നും അദ്ദേഹം വ്യക്തമാക്കി.

27 വര്‍ഷം മുമ്പ് കോട്ടയം മെഡിക്കല്‍ കോളജില്‍ ലക്ചററായിരിക്കുമ്പോള്‍ ശ്വാസകോശസംബന്ധമായ അസുഖം മൂലം ടി കെ ജയകുമാറിന്റെ കുഞ്ഞ് മരിച്ചിരുന്നു. അന്ന് പ്രതിമാസം 4300 രൂപ ശമ്പളം ലഭിച്ചിരുന്ന ജയകുമാറിന് ഒന്നര ലക്ഷം വിലയുള്ള മരുന്നിനും ചികിത്സയ്ക്കുമുള്ള പണം ഉണ്ടായിരുന്നില്ല. ആ സംഭവം ഒരു തിരിച്ചറിവാണെന്ന് ഡോക്ടര്‍ പറയുന്നു. വിലയേറിയ ചികിത്സ ആവശ്യമായി വരുമ്പോള്‍ പണക്കാരന് ചെയ്യാന്‍ സാധിക്കുകയും പാവപ്പെട്ടവന് നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ കൃത്യമായി മനസിലാക്കാന്‍ ഇതുവഴി സാധിച്ചു. സമൂഹത്തിലെ അസന്തുലിതാവസ്ഥയ്‌ക്കെതിരെ ചെയ്യാന്‍ സാധിക്കുന്നത് ചെയ്യണം, അതാണ് നിയോഗം എന്നത് മനസിലാക്കിയ സമയമാണത്. എന്റെ തീരുമാനങ്ങളെയും ജോലിയെയും ഈ സംഭവം സ്വാധീനിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group