Join News @ Iritty Whats App Group

‘തെരുവുപട്ടി കുരച്ച് ചാടിയത് തുണയായി, കൊച്ചിയിൽ പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പാളി’; പ്രതികൾക്കായി അന്വേഷണം

കൊച്ചിയിൽ പെൺകുട്ടികളെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ഇടപ്പള്ളി പോണേക്കരയിലാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് കാറിലെത്തി ട്യൂഷന് പോകുകയായിരുന്ന പെൺകുട്ടികളെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചത്. സംഭവസമയം കുട്ടികൾ ഒച്ചവെച്ച് കുതറിയോടും ഒപ്പം ഒരു തെരുവുനായ പ്രതികൾക്ക് നേരെ ചാടിവീഴുകയും ചെയ്തതിനാൽ പെൺകുട്ടികൾ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

അഞ്ചും ആറും വയസ്സുള്ള പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. തൊട്ടടുത്തുള്ള വീട്ടിൽ കുട്ടികൾ ട്യൂഷനു പോകുമ്പോഴാണ് സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമടങ്ങുന്ന സംഘമാണ് കാറിൽ എത്തിയത്. വെള്ളിയാഴ്ച‌ വൈകീട്ട് നാലേമുക്കാലോടെയാണ് സംഭവം. കുട്ടികളുടെ വീട്ടിൽനിന്ന് മൂന്ന് വീടിൻ്റെ ദൂരത്താണ് ട്യൂഷന് പോകുന്ന വീട്. വൈകീട്ട് ട്യൂഷനു പോകാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ.

ഇരുവരേയും യാത്രയാക്കി മുത്തശ്ശി വീടിന്റെ ഗേറ്റിന് സമീപത്ത് നിന്നിരുന്നു. രണ്ട് കുട്ടികളും വീട്ടിൽനിന്നിറങ്ങി നടക്കവേ ഒരു വെള്ള കാർ അടുത്തുകൊണ്ടുവന്ന് നിർത്തുകയും കാറിന്റെ പിൻവശത്തിരുന്നയാൾ കുട്ടികൾക്കു നേരേ മിഠായികൾ നീട്ടുകയും ചെയ്തു. ഇളയ കുട്ടി മിഠായി വാങ്ങിയെങ്കിലും മൂത്ത കുട്ടി ഇത് വാങ്ങി കളഞ്ഞു. ഇതിനിടെ മിഠായി വാങ്ങിയ കുട്ടിയെ ബലം പ്രയോഗിച്ച് കാറിലേക്ക് വലിച്ച് കയറ്റാൻ ശ്രമം നടത്തുകയായിരുന്നു. തുടർന്ന് കുട്ടികൾ ഉറക്കെ കരഞ്ഞു

അതേസമയത്ത് തന്നെയാണ് സമീപത്തുണ്ടായിരുന്ന ഒരു പട്ടി കുരച്ചുകൊണ്ട് കാറിന് സമീപത്തേക്ക് എത്തിയത്. ഇതോടെ ഇവർ കാറിൻ്റെ ഡോർ അടച്ചു. കുതറിയോടിയ കുട്ടികൾ ട്യൂഷനു പോകുന്ന വീട്ടിലേക്ക് കയറിയതോടെ കാർ വേഗത്തിൽ ഓടിച്ചുപോയി. ട്യൂഷൻ ടീച്ചറോട് വിവരങ്ങൾ പറഞ്ഞതിനെ തുടർന്ന് അവർ കുട്ടികളുടെ വീട്ടുകാരെ വിളിച്ചു പറയുകയും സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്തു. അതേസമയം സംഭവത്തിൽ എളമക്കര പോലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ക്യാമറകൾ അടക്കം പൊലീസ് പരിശോധിച്ച് വരുകയാണ്.

Post a Comment

Previous Post Next Post
Join Our Whats App Group