Join News @ Iritty Whats App Group

സഞ്ചയിക പദ്ധതി വീണ്ടും :എതിര്‍പ്പുമായി ഒരുവിഭാഗം അധ്യാപകര്‍


കുട്ടികളില്‍ സമ്ബാദ്യശീലം വളര്‍ത്താന്‍ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതി പുനരാ രംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.


കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സഞ്ചയിക പദ്ധതി പുനഃസ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പദ്ധതി പുനരാരംഭിച്ചത്. താത്പര്യമുള്ള സ്‌കൂളുകളില്‍ പദ്ധതി തുടങ്ങാമെന്ന നയമാണ് നിലവിലെങ്കിലും ചില ജില്ലകളില്‍ നിര്‍ബന്ധിതമായി അടിച്ചേല്‍പ്പിക്കുന്നുണ്ടെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.


ട്രഷറി, പൊതുവിദ്യാഭ്യാസം, ധനകാര്യം, ദേശീയ സമ്ബാദ്യപദ്ധതി എന്നീ വകുപ്പുകളെ സംയോജിപ്പിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കുന്നത്. എന്നാല്‍ ജില്ലാ, ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ മുഖേന എല്ലാ സ്‌കൂളിലും പദ്ധതി ആരംഭിക്കുന്നതിന് പ്രധാനാധ്യാപകരെ നിര്‍ബന്ധിക്കുകയാണെന്നാണ് പരാതി. ഇതിനിടെ, എയ്ഡഡ് സകൂളുകളില്‍ പദ്ധതി ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഇവിടങ്ങളില്‍ താത്പര്യമുള്ള കുട്ടികള്‍ മാത്രം പദ്ധതിയില്‍ ചേര്‍ന്നാല്‍ മതിയെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.


സ്‌കൂള്‍ ഉച്ചക്കഞ്ഞി പരിഷ്‌കരണം ഉള്‍പ്പെടെ നടക്കേണ്ട പദ്ധതികള്‍ നിരവധിയുള്ളപ്പോള്‍ വിദ്യാര്‍ഥികളുടെ പണം സ്വീകരിച്ച്‌ ട്രഷറികള്‍ തോറും കയറിയിറങ്ങാന്‍ ആവില്ലെന്നാണ് പല സ്‌കൂളുകളിലെയും പ്രധാനാധ്യാപകര്‍ വ്യക്തമാക്കുന്നത്. ഇതിനോടകം പല അധ്യാപക-രക്ഷാകര്‍ത്തൃ സമിതികളും യോഗം ചേര്‍ന്ന് പദ്ധതി പ്രായോഗികമല്ലെന്ന് വിലയിരുത്തുകയും നടപ്പിലാക്കാന്‍ സാധിക്കില്ലായെന്ന് തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.


പദ്ധതി നടപ്പാക്കുന്നതിനു വിദ്യാലയ മേധാവി, രണ്ട് രക്ഷിതാക്കള്‍, രണ്ട് അധ്യാപകര്‍, രണ്ട് വിദ്യാര്‍ഥികള്‍ എന്നിവര്‍ അടങ്ങുന്ന ഒരു ട്രസ്റ്റ് രൂപീകരിക്കണം. വിദ്യാലയ മേധാവിയുടെയും രണ്ട് വിദ്യാര്‍ഥികളുടെയും പേരില്‍ ട്രഷറിയില്‍ ജോയിന്‍റ് അക്കൗണ്ട് ആരംഭിക്കണം. അതിലാണ് പണം നിക്ഷേപിക്കേണ്ടത്. വിദ്യാര്‍ഥികളില്‍നിന്ന് ശേഖരിക്കുന്ന തുക പിറ്റേന്ന് തന്നെ ചുമതലയുള്ള അധ്യാപകന്‍ ട്രഷറിയില്‍ നിക്ഷേപിക്കണം.


ഉപരിപഠനത്തിനായോ മറ്റു കാരണങ്ങള്‍ കൊണ്ടോ ടിസി വാങ്ങുന്ന കുട്ടിയുടെ സേവിംഗ്സ് അക്കൗണ്ട് ക്ലോസ് ചെയ്ത് നിക്ഷേപം പലിശ സഹിതം തിരികെ നല്‍കണം. ട്രസ്റ്റ് അംഗങ്ങളില്‍ ആരെങ്കിലും സ്‌കൂള്‍ വിട്ടുപോവുകയാണെങ്കില്‍ പകരക്കാരെ പിടിഎ യോഗം ചേര്‍ന്ന് തീരുമാനിച്ച്‌ ട്രഷറിയില്‍ രേഖാമൂലം അറിയിക്കണം. ഇതിന് പിന്നാലെ പോയാല്‍ അക്കാദമിക കാര്യങ്ങള്‍ക്കുള്ള സമയം അപഹരിക്കപ്പെടുമെന്നാണ് അധ്യാപകര്‍ പരാതിപ്പെടുന്നത്. സ്ഥാപനങ്ങളുടെ പണം പോസ്റ്റ് ഓഫീസില്‍ നിക്ഷേപിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് 2005 മേയിലാണ് സഞ്ചയിക പദ്ധതി നിര്‍ത്തലാക്കിയത്.

Post a Comment

Previous Post Next Post
Join Our Whats App Group