Join News @ Iritty Whats App Group

‘കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന് കയറ്റം’; സാദിഖലി ശിഹാബ് തങ്ങൾ

ഛത്തീസ്ഗഡിൽ മലയാളികളായ രണ്ട് സിസ്റ്റർമാരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് അറസ്റ്റ് ചെയ്ത സംഭവം അപലപനീയമാണെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണിത്. വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗ് ദൾ പ്രവർത്തകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദുർഗ് പൊലീസ് ജൂലൈ 25, 2025-ന് സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും അറസ്റ്റ് ചെയ്ത് റിമാൻ്റിലാണ് എന്നാണ് റിപ്പോർട്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നിരന്തരമായ അതിക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ സാഹചര്യമാണെന്നും മതേതര സമൂഹം ഒറ്റക്കെട്ടായി നിന്ന് ഇതിനെ ചെറുത്ത് തോൽപിക്കണമെന്നും തങ്ങൾ പ്രസ്താവനയിൽ പറഞ്ഞു.

അതിനിടെ ഛത്തീസ്ഗഡിൽ അറസ്റ്റുചെയ്ത കന്യാസ്ത്രീകൾക്ക് നീതി ലഭ്യമാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കോൺവെൻറിൽ ജോലിക്ക് എത്തിയവരെ കൂട്ടിവരാൻ ഛത്തീസ്ഗഡിലെ ദുർഗ്ഗ് റെയിൽവേ സ്റ്റേഷനിൽ എത്തിയ സിസ്റ്റർ വന്ദനാ ഫ്രാൻസിസ്, പ്രീതി എന്നീ കന്യാസ്ത്രീകളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

കസ്റ്റഡിയിൽ എടുത്ത ശേഷം ഇവരുമായി ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബന്ധുക്കൾ പരാതിയുമായി സമീപിച്ചുവെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും സുതാര്യവും നീതിയുക്തവുമായ നടപടി ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group