Join News @ Iritty Whats App Group

‘ചാടിയതോ ചാടിച്ചതോ’? ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം ‘ലൈവ്’; പുനരാവിഷ്‌കരിച്ച് പിവി അൻവർ

കണ്ണൂർ സെൻട്രൽ ജയിലിൻ്റെ മതിൽ ചാടിക്കടക്കാൻ ഗോവിന്ദച്ചാമിയ്ക്ക് ഒറ്റയ്ക്ക് സാധിക്കില്ല എന്നത് സ്ഥാപിക്കാൻ ജയിൽച്ചാട്ടം പുനരാവിഷ്‌കരിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പിവി അൻവർ. ഒറ്റക്കൈ ഉപയോഗിച്ച് ഒരാൾക്ക് കണ്ണൂർ സെൻട്രൽ ജയിലിൻ്റെ മതിൽ ചാടിക്കടക്കാൻ സാധിക്കില്ല എന്നും ഗോവിന്ദച്ചാമിക്ക് ജയിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നുമാണ് അൻവറിന്റെ വാദം. അൻവറിൻ്റെ തന്നെ സ്വകാര്യ ഭൂമിയിൽ വെച്ചായിരുന്നു ജയിൽച്ചാട്ട പുനരാവിഷ്കരണം.


ഗോവിന്ദച്ചാമി ഡ്രമ്മുകളുപയോഗിച്ചാണ് മതിൽ ചാടിക്കടന്നത് എന്ന ജയിൽ ഉദ്യോഗസ്ഥരുടെ വാദത്തെ ഖണ്ഡിക്കാനായി ആദ്യം അൻവർ മൂന്ന് ഡ്രമ്മുകൾ മതിലിനോട് ചേർത്ത് വെച്ചു. 7.8 മീറ്റർ ഉയരത്തിലെ മതിൽ ചാടിക്കടക്കാൻ വെള്ളത്തിന് വെച്ച മൂന്ന് ഡ്രമ്മുകൾ ഉപയോഗിച്ചുവെന്നാണ് പറയുന്നത്. അത് മനുഷ്യസാധ്യമല്ല. ഹെലികോപ്റ്ററിൽ പോയി ഇറങ്ങി നിൽക്കേണ്ടി വരും. രണ്ടു കൈ ഇല്ലാത്ത ഒരാൾ ഡ്രമ്മിൽ നിന്ന് തുണിയിൽ ചാടിപ്പിടിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു.

ജയിൽ അഴിക്ക് സമാനമായ കമ്പി കാണിച്ച്, അത് ആക്സോ ബ്ലെയിഡ് ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചു. എന്നാൽ ഈ കമ്പി നൂറ് ആക്സോ ബ്ലെയിഡ് ഉപയോഗിച്ചാലും മുറിക്കാൻ സാധിക്കില്ലെന്ന് അൻവർ പറഞ്ഞു. പിവിസി പൈപ്പ് മുറിക്കാനാണ് ആക്സോ ബ്ലെയ്‌ഡ് ഉപയോഗിക്കുന്നത്. ഇതുകൊണ്ടാണ് ഒന്നര ഇഞ്ച് വണ്ണമുള്ള ജയിലഴി മുറിച്ചുവെന്ന് പറഞ്ഞാണ് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളെ പറ്റിക്കുന്നത്. ഉപ്പ് വെച്ച ശേഷം തുണി മറച്ച് കെട്ടിവെച്ചുവെന്ന് പറയുന്നു. ഇത്രയും ദിവസം തുണി കെട്ടിവെച്ചപ്പോൾ ജയിൽ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടില്ലേ എന്നും അൻവർ ചോദിച്ചു.

ജയിലിൽ നിന്ന് രക്ഷപ്പെട്ടു പോകാനാണ് ഒരാൾ ജയിൽ ചാടുന്നത്. എന്നാൽ രാവിലെ വരെ ജയിൽ ചുറ്റുഭാഗത്ത് തന്നെ ഗോവിന്ദച്ചാമി നിൽക്കുകയായിരുന്നു. എന്തുകൊണ്ട് ട്രെയിനിലോ ലോറിയിലോ കയറി രക്ഷപ്പെട്ടില്ല? ഗോവിന്ദച്ചാമി ജയിൽച്ചാടിയിട്ടില്ല എന്നും ചാടിയ ഗോവിന്ദച്ചാമിയുടെ പിന്നിൽ എന്താണെന്ന് പ്രത്യേകം അന്വേഷിക്കണമെന്നും പിവി അൻവർ പറഞ്ഞു. പോലീസ് ഇക്കാര്യം വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group