എ ഡി എം ആത്മഹത്യ കേസില്‍ പുറത്തുവന്ന മൊഴിയ്‌ക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. നവീന്‍ ബാബു തെറ്റുകാരനെന്ന് വരുത്തിതീര്‍ക്കാന്‍ ബോധപൂര്‍വ്വ ശ്രമം നടക്കുന്നുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
മൊഴികള്‍ കെട്ടിച്ചമച്ചതെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. സത്യം പുറത്തുവരാന്‍ സിബിഐ തന്നെ അന്വേഷിക്കണമെന്നും മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. (congress allegation in charge sheet adm naveen babu death)
നവീന്‍ ബാബു മാന്യനും സത്യസന്ധനുമായ ഉദ്യോഗസ്ഥനെന്നാണ് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞത്. നവീന്റെ ആത്മഹത്യയ്ക്ക് മുന്‍പുതന്നെ മന്ത്രി രാജന്‍ കളക്ടറോട് സംസാരിച്ചതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. തങ്ങള്‍ മുന്‍പ് പറഞ്ഞതെല്ലാം ശരിയായി വരികയാമെന്നും മന്ത്രിയുടെ ഉള്‍പ്പെടെ ഇടപെടലുകളില്‍ സംശയമുണ്ടെന്നും മാര്‍ട്ടിന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതിന്റെ തലേന്ന് അഴീക്കോട് സ്വദേശിയും ദിവ്യയുടെ ബന്ധുവുമായ പ്രശാന്ത് മുഖാന്തരം സ്വാധീനിക്കാന്‍ നവീന്‍ ബാബു ശ്രമിച്ചന്നാണ് മൊഴി. കേസില്‍ ഇത് ആദ്യമായാണ് പ്രശാന്ത് എന്നയാളുടെ മൊഴി വിവരം പുറത്തുവരുന്നത്. ദിവ്യയുമായുള്ള ബന്ധം എ ഡി എമ്മിന് അറിയാമായിരുന്നുവെന്നും യാത്രയയപ്പ് ചടങ്ങിന് ശേഷം എ ഡി എം തന്നെ ക്വാര്‍ട്ടേഴ്‌സിന് സമീപത്തേക്ക് വിളിച്ചുവരുത്തിയെന്നുമാണ് പ്രശാന്തിന്റെ മൊഴി. എന്നാല്‍ ദിവ്യയുമായി അത്തരം കാര്യങ്ങള്‍ സംസാരിക്കാന്‍ പാകത്തിലുള്ള ബന്ധമില്ലെന്ന് അറിയിച്ചതോടെ നവീന്‍ ബാബു ക്വാര്‍ട്ടേഴ്‌സിലേക്ക് കയറി പോയി. പിറ്റേന്ന് പുലര്‍ച്ചയാണ് എ ഡി എം ആത്മഹത്യ ചെയ്ത വിവരം അറിയുന്നത് എന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്.
കേസില്‍ കണ്ണൂര്‍ കളക്ടര്‍ പൊലീസിന് നല്‍കിയ മൊഴിയും നവീന്‍ ബാബുവിനെ സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്നതാണ്. ഈ മൊഴികളെല്ലാം പി പി ദിവ്യയെ സംരക്ഷിക്കുന്നതിനായി കെട്ടിച്ചമച്ചതാണ് എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
Post a Comment