Join News @ Iritty Whats App Group

കുട്ടികളെ കൊണ്ട് കാൽ കഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവർണ്ണർ കേരളത്തിന് നാണക്കേടാണെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥികളെക്കൊണ്ട് ബി.ജെ.പി. ജില്ലാ സെക്രട്ടറിയുടെതുൾപ്പെടെയുള്ളവരുടെ കാൽ കഴുകിപ്പിച്ച നടപടിയെ ന്യായീകരിച്ച ഗവർണ്ണർ കേരളത്തിന് നാണക്കേടാണെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. അഭിപ്രായപ്പെട്ടു. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ കേരളത്തെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു.

ശ്രീനാരായണ ഗുരുവിനും ചട്ടമ്പി സ്വാമിക്കും മഹാത്മാ അയ്യങ്കാളിക്കും ജന്മം നൽകിയ മണ്ണാണിത്. നവോത്ഥാനം നടന്ന ഈ നാടിൻ്റെ ചരിത്രം ഒരുപക്ഷേ ഗവർണ്ണർ രാജേന്ദ്ര അർലേക്കർക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. "കുട്ടികളെക്കൊണ്ട് കാൽ കഴുകിപ്പിക്കുന്നതാണ് നാടിൻ്റെ സംസ്കാരം എന്ന് ഗവർണ്ണർ പറഞ്ഞാൽ കേരള ജനത അംഗീകരിക്കില്ല. സർവണ്ണ അജണ്ടയോടെയുള്ള രാഷ്ട്രീയം മാത്രമാണത്. ഗവർണ്ണർ സർവർണ്ണ ഫാസിസ്റ്റ് സംസ്കാരം കേരളത്തെ പഠിപ്പിക്കാൻ നോക്കുകയാണ്. തൻ്റെ പദവിയുടെ മഹത്വം അദ്ദേഹം മനസിലാക്കണം. പുരോഗമന മുന്നേറ്റം നടത്തിയ സംസ്ഥാനത്തെ പിന്നോട്ട് നയിക്കാനുള്ള ഗവർണ്ണറുടെ നടപടി അപലപനീയമാണ്," കെ.സി. വേണുഗോപാൽ പറഞ്ഞു.

ബി.ജെ.പി. നേതാവിനെ രാഷ്ട്രപതി ഭവൻ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത നടപടി ശരിയായില്ലെന്നും കെ.സി. വേണുഗോപാൽ വിമർശിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ഈ നാമനിർദ്ദേശം ഇന്ത്യൻ ജനാധിപത്യത്തിന് സംഭവിച്ച മൂല്യച്യുതിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഗത്ഭരായ വ്യക്തിത്വങ്ങളെയാണ് രാഷ്ട്രപതി ഭവൻ സാധാരണ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യാറുള്ളത്. എംഎസ്. സ്വാമിനാഥനെ പോലുള്ളവരെ നാമനിർദ്ദേശം ചെയ്ത പാരമ്പര്യമാണുള്ളതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സി. സദാനന്ദൻ ബി.ജെ.പിക്ക് വേണ്ടി ത്യാഗങ്ങൾ അനുഭവിച്ചിട്ടുണ്ടാകും. അങ്ങനെയെങ്കിൽ അത് അവരുടെ പാർട്ടി നോമിനിയായി രാജ്യസഭയിലേക്ക് അയക്കണമായിരുന്നു. രാഷ്ട്രപതി ഭവനെക്കൊണ്ട് നാമനിർദ്ദേശം ചെയ്തതിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്?" കെ.സി. വേണുഗോപാൽ ചോദിച്ചു. ആരോഗ്യമേഖലയിൽ ഇന്ന് നിലനിൽക്കുന്ന അനാരോഗ്യത്തെക്കുറിച്ച് ഉന്നയിക്കുന്നവരെ ജയിലിലടച്ചാൽ പ്രശ്നത്തിന് പരിഹാരമാകുമോയെന്ന് ചോദിച്ച വേണുഗോപാൽ, ആരോഗ്യ വകുപ്പിൻ്റെ പിടിപ്പുകേടിനെതിരെ സമരം തുടരുമെന്നും വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group