കൊട്ടിയൂർ: ദക്ഷിണ കാശിയിലെ 27 ദിവസം നീണ്ടു നില്‍ക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവം സമാപനത്തിന് നാലുനാള്‍ കൂടി അവശേഷിക്കെ അക്കരെ കൊട്ടിയൂരില്‍ നിന്ന് സ്ത്രീകളും, ഗജവീരൻമാരും വിശേഷ വാദ്യക്കാരും മടങ്ങി.
ഉത്സവ നഗരിയില്‍ നിന്ന് അറിയിപ്പ് ലഭിച്ചതോടെ പെരുമാളിനെ വണങ്ങി ആയിരക്കണക്കിന് സ്ത്രീകളാണ് മഹോത്സവ നഗരിയില്‍ നിന്നും വിടവാങ്ങിയത്.
മകം നാളിലെ ഉച്ചശീവേലിക്കു ശേഷമാണ് ഗജവീരൻമാർ കൊട്ടിയൂരപ്പനെ വണങ്ങി പ്രസാദവും സ്വീകരിച്ച് അക്കരെ സന്നിധാനത്തു നിന്നും മടങ്ങിയത്. ആനയൂട്ടും നടത്തി. ഇതുവരെ അക്കരെ കൊട്ടിയൂർ സന്നിധിയെ ഭക്തി സാന്ദ്രമാക്കിയിരുന്ന വിശേഷ വാദ്യക്കാരും ഇന്നലെ വിട വാങ്ങി.തിങ്കളാഴ്ച ഭക്തജന പ്രവാഹമായിരുന്നു അക്കരെ സന്നിധിയില്‍ അനുഭവപ്പെട്ടത്. ഉച്ചശീവേലിക്കു ശേഷം സ്ത്രീ ജനങ്ങള്‍ അക്കരെ കൊട്ടിയൂരില്‍ നിന്നും പിൻവാങ്ങിയത്തോടെ അക്കരെ സന്നിധി ഗൂഢ പൂജകള്‍ക്ക് വഴിമാറി.
മുഴക്കുന്ന് നല്ലൂരില്‍ നിന്നും സ്ഥാനികള്‍ എഴുന്നള്ളിച്ച കലങ്ങള്‍ അക്കരെ കൊട്ടിയൂരില്‍ എത്തിച്ചതോടെ കല പൂജയ്ക്കുള്ള ഒരുക്കങ്ങളും പൂർത്തിയായി. തയന്നൂർ ശ്രീജിത്ത്, എ.കെ . ഗണേശൻ, രോഹിത് രാജ്, കണ്ടോത്ത് സുനില്‍കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള 12 പേരാണ് കലങ്ങള്‍ കൊട്ടിയൂരിലേക്ക് എത്തിച്ചത്.
ജൂലൈ മൂന്നിന് കലശപൂജ, അത്തം ചതുശതം, വാളാട്ടം. നാലിന് തൃക്കലശാട്ടോടെ ഉത്സവം സമാപിക്കും.
Post a Comment