ഇരിട്ടി: മഴ പെയ്തതിനു പിന്നാലെ തോട് വെള്ളപ്പതയോടെ നിറഞ്ഞൊഴുകിയത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. ഉളിക്കല്‍ പഞ്ചായത്തിലെ നെല്ലിക്കാംപൊയിലിന് സമീപത്തെ ചുള്ളിയോട് തോടാണ് വെള്ള നിറത്തിലുള്ള പതയാല്‍ നിറഞ്ഞൊഴുകിയത്.
ഇന്നലെ വൈകുന്നേരമാണ് തോട്ടില്‍ അസാധാരണമായ നിലയിലുള്ള പത പ്രദേശത്തുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. പാറക്കല്‍ നിന്ന് ആരംഭിക്കുന്ന തോട്ടില്‍ ചുള്ളിയോട് മുതല്‍ ചെട്ട്യാർപീടിക പഴശി പദ്ധതി ജലസംഭരണി പ്രദേശം വരെ രണ്ടുകിലോമീറ്ററോളം ദൂരത്തിലാണ് പത പ്രത്യക്ഷപ്പെട്ടത്.
വ്യവസായ സ്ഥാപനങ്ങളില്ലാത്ത മേഖലയില്‍ തോട് പതഞ്ഞതിന്‍റെ കാരണം വ്യക്തമല്ല. സംഭവമറിഞ്ഞ് ആരോഗ്യവകുപ്പ് അധികൃതരും പഞ്ചായത്തധികൃതരും പോലീസും സ്‌ഥലത്തെത്തി. ജനങ്ങളോട് ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ട്. ഏറെ നേരത്തെ പതഞ്ഞ് ഒഴുകലിനുശേഷം തോട് സാധാരണ നിലയിലായിട്ടുണ്ട്. പത ഉയരാനുണ്ടായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
Post a Comment