ഇരിട്ടി: അന്തർസംസ്ഥാന പാതയില്‍ വള്ളിത്തോട് ടൗണില്‍ പായം പഞ്ചായത്ത് നിർദേശിച്ചിട്ടും പൊളിച്ചുമാറ്റാത്ത 75 വർഷം പഴക്കം ചെന്ന കെട്ടിടം ഭീഷണിയാകുന്നു.
കാലപ്പഴക്കം കൊണ്ട് കോണ്‍ക്രീറ്റ് അടർന്നുവീഴുന്ന കെട്ടിടത്തില്‍ നിന്ന് മൂന്ന് വർഷം മുൻപ് കച്ചവടക്കാരെ മാറ്റിയെങ്കിലും കെട്ടിടം പൊളിച്ചുമാറ്റിയില്ല.
ശക്തമായ മഴകൂടി പെയ്യുന്നതോടെ കെട്ടിടം ഏതുനിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണ്. തിരക്കേറിയ വള്ളിത്തോട് ടൗണില്‍ വാഹനങ്ങള്‍ക്കും കാല്‍നട യാത്രക്കാർക്കും സമീപത്തെ കച്ചവടക്കാർക്കും ഒരേപോലെ ഭീഷണിയാണ് കെട്ടിടം. പഞ്ചായത്തും വാർഡ് അംഗവും വ്യാപാരികളും കെട്ടിടം പൊളിച്ചുമാറ്റാൻ ആവശ്യപ്പെട്ടെങ്കിലും മൂന്ന് വർഷമായി ഉടമ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
കെട്ടിടം പൊളിച്ചുമാറ്റാതെ ഉടമയുടെ നിസഹകരണം തുടർന്നാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നാണ് വ്യാപാരികളും യാത്രക്കാരും വാർഡ് അംഗവും ഉള്‍പ്പെടുന്ന ജനകീയ കമ്മറ്റി പറയുന്നത്.
അപകടം സംഭവിച്ച ശേഷം ഓടിയെത്തിയിട്ട് കാര്യമില്ലെന്നും ജനങളുടെ സുരക്ഷയാണ് പ്രാധാന്യമെന്നും പഞ്ചായത്ത് അംഗം മിനി പ്രസാദ് പറഞ്ഞു. പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടും പൊളിച്ചുമാറ്റാത്ത കെട്ടിടം ഉളിക്കല്‍ ടൗണില്‍ കഴിഞ്ഞ മാസം തകർന്നു വീണിരുന്നു.
ഭാഗ്യം കൊണ്ടാണ് വലിയ ദുരന്തം അന്ന് ഒഴിവായത്. ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന കെട്ടിടം പൊളിച്ചുമാറ്റാനായുള്ള അടിയന്തര നടപടി പഞ്ചായത്ത് സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Post a Comment