Join News @ Iritty Whats App Group

‘തബ്ലീഗ് കോവിഡ് ഇല്ല’; കോവിഡ് കാലത്തെ തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസ് പൂര്‍ണ്ണമായും റദ്ദ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി; 70 പേര്‍ കുറ്റവിമോചിതരായി

തബ്ലീഗ് ജമാഅത്തുകാര്‍ കൊവിഡ് പരത്തിയെന്ന് ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളും കുറ്റപത്രങ്ങളും ഡല്‍ഹി ഹൈക്കോടതി റദ്ദാക്കി. 16 കേസുകളും കുറ്റപത്രങ്ങളുമാണ് ഡല്‍ഹി ഹൈക്കോടതി റദ്ദാക്കിയത്. 70 പേര്‍ ഇതോടെ കുറ്റവിമോചിതരായി. അഞ്ച് വര്‍ഷം മുമ്പത്തെ കോവിഡ് കാലത്ത് തബ്ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട വിവാദമാണ് ഇതോടെ ഒന്നുമല്ലാതായത്.

തബ്ലീഗുകാര്‍ക്കെതിരേയും പൊതുവില്‍ മുസ്ലിംകള്‍ക്കെതിരേയും സംഘപരിവാര സംവിധാനങ്ങള്‍ പടച്ചുവിട്ട പ്രചാരണങ്ങളും ഭരണകൂടത്തിന്റെ ഭാഗമായുണ്ടായ പൊലിസിന്റെ നടപടികളുമാണ് ഡല്‍ഹി ഹൈക്കോടതി വര്‍ഷങ്ങള്‍ക്ക് ശേഷം റദ്ദുചെയ്തത്. തബ്ലീഗ് ജമാഅത്ത് പ്രവര്‍ത്തകര്‍ കോവിഡ് മഹാമാരി പരത്താന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിലൂടെ ഒട്ടനവധി പേരെ തടങ്കിലടയ്ക്കലും ഒപ്പം കിട്ടിയ സന്ദര്‍ഭം ഇസ്ലാം വിരുദ്ധത പ്രചരിപ്പിക്കാനുള്ളതായി മാറ്റിയെടുക്കുകയും ചെയ്തിരുന്നു സംഘപരിവാരങ്ങള്‍.

70 തബ്ലീഗ് ജമാഅത്തുകാര്‍ക്കെതിരായി കേസ് ചാര്‍ജ്ജു ചെയ്യുകയും 16 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. രാജ്യം മുഴുവന്‍ തബ്ലീഗുകാര്‍ കോവിഡ് പരത്തുന്നുവെന്ന വാര്‍ത്ത പ്രചരിപ്പിച്ചു. ഈ സംഭവത്തിനാണ് ഡല്‍ഹി ഹൈക്കോടതി കേസ് റദ്ദ് ചെയ്ത് അന്ത്യും കുറിച്ചത്.

ഒരു സമൂഹത്തെ ഒന്നാകെ അധിക്ഷേപിക്കാന്‍ ഭരണകൂടവും സംഘപരിവാരങ്ങളും കെട്ടിയൊരുക്കിയ നുണക്കഥകള്‍ പൊളിഞ്ഞിരിക്കുന്നുവെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ കെ സഹദേവന്‍ പറയുന്നു. രാജ്യം മുഴുവന്‍ പ്രചരിച്ച വാര്‍ത്ത കേസ് റദ്ദാക്കപ്പെട്ടപ്പോള്‍ പക്ഷേ ഇപ്പോള്‍ ദില്ലിയിലെ പത്രങ്ങളിലെ പ്രാദേശിക കോളത്തില്‍ മാത്രമായി ഒതുങ്ങിയെന്നും കെ സഹദേവന്‍ ചൂണ്ടിക്കാട്ടുന്നു.


Post a Comment

Previous Post Next Post
Join Our Whats App Group