Join News @ Iritty Whats App Group

6 ജില്ലകളിലെ ആശുപത്രികൾക്ക് നിപ ജാഗ്രതാ നിർദേശം; രോഗലക്ഷണങ്ങൾ ഉള്ളവർ റിപ്പോർട്ട് ചെയ്യണം

സംസ്ഥാനത്ത് വീണ്ടും നിപ രോഗബാധ കണ്ടെത്തിയ സാഹചര്യത്തില്‍ 6 ജില്ലകളിലെ ആശുപത്രികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ ജാഗ്രതാ നിര്‍ദേശം. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ , വയനാട് എന്നീ ജില്ലകളിലെ ആശുപത്രികൾക്കാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. നിപ ലക്ഷണങ്ങളോട് കൂടിയ പനി, മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്യണം.

ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള ബന്ധുക്കളേയും സുഹൃത്തുക്കളേയും സന്ദര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കുക. രോഗികളോടൊപ്പം സഹായിയായി ഒരാള്‍ മാത്രമേ പാടുള്ളൂ. ആരോഗ്യ പ്രവര്‍ത്തകരും ആശുപത്രിയിലെത്തുന്ന രോഗികളും കൂട്ടിരിപ്പുകാരും മാസ്‌ക് ധരിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.

പാലക്കാട് സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് 57 വയസുകാരൻ മരിച്ച സാഹചര്യത്തിലാണ് ആരോഗ്യവകുപ്പിന്റെ നിർദേശം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയിലാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഉടന്‍ തന്നെ സമ്പര്‍ക്കത്തിലുള്ളവരെ കണ്ടെത്താനുള്ള കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചു. ഈ വ്യക്തിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 46 പേരെ കണ്ടെത്തി. സിസിടിവി ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ചു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. ഫാമിലി ട്രീയും തയ്യാറാക്കി. പ്രദേശത്ത് ഫീല്‍ഡ്തല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി. ഫീവര്‍ സര്‍വൈലന്‍സും തുടരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഉള്‍പ്പെടെയെടുത്ത് കൂടുതല്‍ നിരീക്ഷണം നടത്തും. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള സ്ഥിരീകരണം ലഭ്യമാകുന്ന മുറയ്ക്ക് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനാണ് തീരുമാനം.

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 543 പേരാണ് ഉള്ളത്. അതില്‍ 46 പേര്‍ പുതിയ കേസിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരാണ്. മലപ്പുറം ജില്ലയില്‍ 208 പേരും പാലക്കാട് 219 പേരും കോഴിക്കോട് 114 പേരും എറണാകുളത്ത് 2 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 10 പേരാണ് ചികിത്സയിലുള്ളത്. 2 പേര്‍ ഐസിയു ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 62 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 36 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 128 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group